
ന്യൂഡൽഹി: മിഠായി വാങ്ങിയാൽ പോലും പണം കൊടുക്കാൻ ക്യു ആർ കോഡ് തിരയുന്ന നമ്മുടെ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പണമിടപാടിന്റെ കാര്യത്തിലും ഡിജിറ്റൽ ട്രെൻഡിന് കാരണം യുപിഐ എന്ന യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫെയ്സ് തന്നെയാണ്.
2023-24 സാമ്പത്തിക വർഷത്തിൽ നടന്ന മൊത്തം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകളുടെ 70 ശതമാനവും യുപിഐ വഴിയായിരുന്നു. ആ കണക്ക് അത്ര ചെറിയ കണക്കായി ആരും കാണേണ്ട. 2021-22 സാമ്പത്തിക വർഷത്തിൽ 4,597 കോടി UPI ഇടപാടുകളാണ് നടന്നിരുന്നത്.
കോവിഡ് വൈറസിനെ പേടിച്ച് നോട്ടുകൾ കഴിവതും കൈകൊണ്ട് തൊടാതിരിക്കാൻ നമ്മൾ ശീലിച്ചു കഴിഞ്ഞ കാലമായിരുന്നു അത്. ആ വളർച്ച 2023-24 സാമ്പത്തിക വർഷമായപ്പോഴേക്കും 13,116 കോടിയായാണ് വളർന്നത്. യുപി ഐ ക്ക് മാത്രമല്ല, പോസ് മെഷീനുകളക്കമുള്ള ഡിജിറ്റൽ സംവിധാനങ്ങളിലും ഈ വളർച്ച പ്രകടമാണ്.
2024-25 സാമ്പത്തിക വർഷത്തിൽ ജനുവരി വരെ ആകെ 2,330 ലക്ഷം കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകളാണ് നടന്നത്. എണ്ണത്തിൽ പറഞ്ഞാൽ 18,120 കോടി ഇടപാടുകൾ. 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 8,839 കോടി ഇടപാടുകൾ ആയിരുന്നു.
ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലേതാണ് കണക്കുകൾ.