
ന്യൂഡൽഹി: മൊബൈല്‍ നമ്പർ വാലിഡേഷൻ (MNV) പ്ലാറ്റ്ഫോം അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഏറെ ആവശ്യമായ സുരക്ഷാ സംവിധാനമാണിത്.
ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുമ്പോഴും മറ്റും മൊബൈല്‍ നമ്ബർ നല്‍കുമ്പോള്‍ നിങ്ങള്‍ ആ നമ്പറിന്റെ യഥാർത്ഥ ഉടമയാണോ എന്ന് ആ സ്ഥാപനങ്ങള്‍ പരിശോധിക്കാറില്ല. ഇതുവഴി അക്കൗണ്ടുകള്‍ നമ്പറുകളുമായി ബന്ധിപ്പിക്കപ്പെടുന്നു.
അവിടെയാണ് എംഎൻവിയുടെ ഉപയോഗം. ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും ഫിൻടെക്ക് സ്ഥാപനങ്ങള്‍ക്കുമെല്ലാം മൊബൈല്‍ നമ്പറുകളുടെ യഥാർത്ഥ ഉടമയെ സ്ഥിരീകരിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഉപഭോക്താവ് നല്‍കുന്ന മൊബൈല്‍ നമ്ബറിന്റെ ആധികാരികത ഉറപ്പാക്കാൻ ഇത് സഹായകമാവുന്നു.
ഡിജിറ്റല്‍ തട്ടിപ്പുകള്‍ പെരുകുകയും ബാങ്കുകളെയും ഭരണകൂടത്തേയും കബളിപ്പിക്കുന്നതിനായി തട്ടിപ്പുകാർ നിരന്തരം പുതിയ മാർഗങ്ങള്‍ തേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു നീക്കം.
അതേസമയം എംഎൻവി പ്ലാറ്റ്ഫോമിന് വേണ്ടിയുള്ള നിർദേശത്തിനെതിരെ വിമർശനമുന്നയിരിക്കുന്നവരുമുണ്ട്. ഉപഭോക്താക്കളുടെ സ്വകാര്യതയെ ഈ നീക്കം ബാധിക്കുമെന്നാണ് പ്രധാന വിമർശനം.