
ന്യൂഡൽഹി: ക്രിപ്റ്റോ കറൻസികളുടെയും, വെർച്ച്വൽ ഡിജിറ്റൽ ആസ്തികളുടെയും കാര്യത്തിൽ കേന്ദ്രസർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നു. നികുതി വെട്ടിപ്പും കള്ളപ്പണവും തടയുന്നതിന് ഈ മേഖലയിൽ നിയമങ്ങളിൽ സുതാര്യത വേണം എന്ന ആവശ്യം ഏറെ നാളായുണ്ട്.
അതിനുള്ള പരിഹാരമായാണ് ക്രിപ്റ്റോ കോഡ് അവതരിപ്പിക്കുന്നത്. ക്രിപ്റ്റോ കറൻസികൾ അടക്കമുള്ള ഡിജിറ്റൽ ആസ്തികൾക്ക് പുതിയ നിയമം എന്നതാണ് ‘ക്രിപ്റ്റോ കോഡ്’ കൊണ്ട് ഉദ്ദേശിക്കുന്നത്. കടുത്ത നികുതികൾ, കൃത്യമായ നിയമങ്ങൾ ഇല്ലാത്തത്, ക്രിപ്‌റ്റോകളോടുള്ള റിസർവ് ബാങ്കിന്റെ വിമുഖത എന്നിവ മൂലം തകർന്ന ക്രിപ്‌റ്റോ വ്യവസായത്തിന് പ്രതീക്ഷയാണ് ഈ നീക്കം.
പല വിദേശ രാജ്യങ്ങളും ക്രിപ്റ്റോ കറൻസി, വെർച്ച്വൽ ഡിജിറ്റൽ ആസ്തി എന്നിവയിൽ ബഹുദൂരം മുന്നോട്ട് പോയപ്പോൾ ഇന്ത്യ നിയമനിർമാണം നടത്തിയില്ലെങ്കിൽ ശരിയാകില്ല എന്ന തോന്നലാണ് സർക്കാരിനെ ഇങ്ങനെ ഒരു നീക്കം നടത്താൻ പ്രേരിപ്പിച്ചത് എന്നാണ് സൂചന.
30 ശതമാനം നികുതി ഇവയ്ക്ക് ഇപ്പോഴുണ്ട്. അമേരിക്കയും, യുകെയും പല യൂറോപ്യൻ രാജ്യങ്ങളും ദുബായ്, സിംഗപ്പൂർ തുടങ്ങിയ ബിസിനസ് ഹബുകളും ക്രിപ്റ്റോ കറൻസികൾ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നതിനാൽ ഇന്ത്യയിൽ നിന്ന് ക്രിപ്റ്റോ ബിസിനസ് കളം മാറുന്നത് സർക്കാരിന് തലവേദനയാകുന്നുണ്ട്.
ഒരു മേഖലയിലും ഇന്ത്യ പിന്നോട്ടാകരുത് എന്ന കേന്ദ്ര സർക്കാരിന്റെ നിര്‍ബന്ധ ബുദ്ധിയും ഇതിന് പിന്നിലുണ്ട്. പുതിയ നിയമ ചട്ടക്കൂട് വരികയാണെങ്കിൽ, അത് വ്യാപാരവും കൂട്ടും. എല്ലാത്തിനും ഉപരിയായി ഡീഡോളറൈസേഷന് ശ്രമിക്കുന്ന ഇന്ത്യക്ക് ക്രിപ്റ്റോ കറൻസികൾ ‘തള്ളാൻ’ സാധിക്കാത്ത അവസ്ഥയിലുള്ള ആസ്തിയായി മാറി കഴിഞ്ഞു.
അമേരിക്കയുടെ സഹായത്തോടെ പാകിസ്ഥാൻ വലിയ ക്രിപ്റ്റോ ഹബ്ബായി മാറുമോ എന്ന പേടിയും ഇന്ത്യക്കുണ്ട്. ബിറ്റ് കോയിൻ മൈനിങ് ഫാമുകൾ പാകിസ്ഥാനിൽ ഉടനീളം വരുന്നതും ഇന്ത്യ കാണുന്നുണ്ട്.
മാറുന്ന സാമ്പത്തിക ലോകത്തിൽ ഇന്ത്യയും ക്രിപ്റ്റോരംഗത്ത് മുന്നേറണം എന്ന ശക്തമായ കാഴ്ചപ്പാടും പുതിയ ക്രിപ്റ്റോ കോഡ് കൊണ്ടുവരുന്നതിന് പിന്നിലുണ്ട്.