
തിരുവനന്തപുരം: വൈദ്യുതിക്ക് വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് ഗാർഹികോപഭോക്താക്കളിൽ കൂടുതൽ പേർക്ക് ബാധകമാക്കാൻ വൈദ്യുതി ബോർഡ് ആലോചന തുടങ്ങി. നടപ്പായാൽ രാത്രിയിലെ വൈദ്യുതോപയോഗത്തിന് 20 ശതമാനം വരെ കൂടുതൽ നിരക്കാവും.
നിലവിൽ വ്യവസായ സ്ഥാപനങ്ങൾക്കും മാസം 500 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന വീടുകൾക്കുമാണ് നടപ്പാക്കിയത്. 500 യൂണിറ്റിൽത്താഴെ ഒരു നിശ്ചിത പരിധി വരെ ഉപയോഗിക്കുന്ന വീടുകൾക്കും ഇതേരീതി ബാധകമാക്കാനാണ് ആലോചന.
അടുത്ത വർഷത്തേക്ക് നിരക്ക് പരിഷ്കരണത്തിന് റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകുമ്പോൾ ഈ നിർദേശം ഉൾപ്പെടുത്താനുള്ള ചർച്ചകളാണ് ബോർഡിൽ നടക്കുന്നത്. കമ്മിഷൻ അംഗീകരിച്ചാൽ നടപ്പാവും.
കേരളത്തിൽ നിലവിലുള്ള 1.3 കോടി ഉപഭോക്താക്കളിൽ 98 ലക്ഷം വീട്ടുകാരാണ്. ബൾബുകളുടെയും ഫാനിന്റെയും എണ്ണം കുറച്ചും കൂടുതൽ വൈദ്യുതി വേണ്ടിവരുന്ന ഇസ്തിരി, വാഷിങ് മെഷീൻ തുടങ്ങിയവയുടെ ഉപയോഗം രാത്രി പത്തിനുശേഷമാക്കിയും വേണം അമിത ബില്ല് തടയാൻ. ഇത് എല്ലാവർക്കും എല്ലായ്പ്പോഴും പ്രായോഗികമാവില്ല. അതിനാൽ ബിൽ കൂടും. എന്നാൽ, നിരക്ക് കൂടില്ലെന്നും ജനത്തെ പിഴിയാത്തവിധമാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നുമാണ് മന്ത്രി കെ. കൃഷ്ണൻകുട്ടി വിശദീകരിച്ചത്.
ഇപ്പോൾ മാസം 500 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന 15,000 പേർക്കുമാത്രമാണ് ഇത് ബാധകം. 98 ലക്ഷം ഉപഭോക്താക്കളിൽ നല്ലൊരു വിഭാഗത്തെ ഇക്കൂട്ടത്തിൽപ്പെടുത്തുകയാണ് ബോർഡിന്റെ ലക്ഷ്യം.
എന്നാൽ, ടി.ഒ.ഡി. നിരക്ക് നടപ്പാക്കിയാൽ രാത്രിയിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാമെന്നും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് ഇപ്പോൾ വൻതുക ചെലവഴിക്കുന്നത് കുറയ്ക്കാമെന്നുമാണ് ബോർഡ് കരുതുന്നത്.