
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം വർധിപ്പിച്ച് 2500.31 കോടിയായി വകയിരുത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിലെ വയോധികർക്കിടയിൽ ന്യൂമോകോക്കൽ വാക്സിനേഷൻ പരിപാടി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ലോകമെങ്ങുമുള്ള മരണകാരണങ്ങളിൽ ഏറ്റവുംപ്രധാനപ്പെട്ട നാലുകാരണങ്ങളിൽ ഒന്നാണ് ന്യുമോണിയ. പ്രായമായവരിലും പ്രത്യേകിച്ച് വിട്ടുമാറാത്ത ചില രോഗാവസ്ഥകളിൽ ഉള്ളവരിലും ന്യൂമോകോക്കൽ രോഗംവരാനുള്ള സാധ്യത കൂടുതലാണ്. രോഗപ്രതിരോധത്തിനായി കേരളത്തിലെ വയോധികർക്കിടയിൽ ന്യൂമോകോക്കൽ വാക്സിനേഷൻ പരിപാടി നടപ്പിലാക്കും.
ബി.പി.എൽ കുടുംബങ്ങളിലെ അറുപതുവയസ്സും അതിനുമുകളിലും പ്രായമുള്ളവരെയാണ് പദ്ധതിയിൽ പ്രധാനമായും കേന്ദ്രീകരിക്കുകയെന്നും ഇതിനായി അമ്പതുകോടിരൂപ മാറ്റിവെച്ചുവെന്നും മന്ത്രി അറിയിച്ചു.
ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാ താലൂക്കുതല ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. താലൂക്കുതലം വരെയുള്ള എല്ലാആശുപത്രികളിലും ഈ സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും. ഇതിനായി 14.2 കോടിരൂപയാണ് മാറ്റിവെച്ചു.
മലബാർ കാൻസർ സെന്ററിന് 50കോടി രൂപ, കൊച്ചിൻ കാൻസർ സെന്ററിന് 30കോടിരൂപ, ആർസിസിക്ക് 90കോടി രൂപ, മെഡിക്കൽ കോളേജുവഴിയുള്ള കാൻസർ ചികിത്സയ്ക്ക് 30 കോടിരൂപ, ജില്ലാ-താലൂക്ക് ആശുപത്രികൾക്ക് മൂന്നുകോടിരൂപ എന്നിങ്ങനെ കാൻസർരോഗ നിർണയത്തിനും ചികിത്സയ്ക്കായി 203 കോടിരൂപയും ബജറ്റിൽ മാറ്റിവെച്ചു. പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി സംസ്ഥാന പദ്ധതിയിൽ 6.5കോടി രൂപ നീക്കിവെക്കുന്നുവെന്നും മന്ത്രി അറിയിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 42.09 ലക്ഷം ദരിദ്ര കുടുംബങ്ങൾക്ക് സൗജന്യ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നുവെന്നുപറഞ്ഞ മന്ത്രി ഇതിൽ വരുമാനപരിധി കണക്കിലെടുക്കാതെ എല്ലാ ഭിന്നശേഷിക്കാരും ട്രാൻസ്ജെൻഡർ വ്യക്തികളും ഉൾപ്പെടുമെന്നും പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് സ്ഥാപിക്കുന്നതിനായി 12 കോടിയും ആർദ്രം മിഷൻ രണ്ടാംഘട്ടത്തിനായി 70.92 കോടിരൂപ ബജറ്റിൽ നീക്കിയിട്ടുണ്ട്.
ഗോത്ര-തീരദേശ, ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആശുപത്രികളുടെയും ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളുടെയും സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി പതിമൂന്നുകോടി രൂപ മാറ്റിവെച്ചുവെന്നും മന്ത്രി പറഞ്ഞു. പകർച്ചവ്യാധി നിയന്ത്രണ പദ്ധതിക്ക് 12 കോടി രൂപ, സാംക്രമികരോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്ക് 13കോടി, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് ഒമ്പതുകോടി, കനിവ് 108 ആംബുലൻസ് പദ്ധതിക്ക് 38കോടി, പബ്ലിക് ഹെൽത്ത് ലബോറട്ടറികൾക്ക് 6കോടി, ജില്ലാ ആശുപത്രികൾക്ക് മെനോപോസ് ക്ലിനിക്കുകൾ സ്ഥാപിക്കുന്ന പദ്ധതിക്കായി മൂന്നുകോടി രൂപ എന്നിങ്ങനെ വകയിരുത്തിയതായും മന്ത്രി പറഞ്ഞു.
നാഷണൽ ഹെൽത്ത് മിഷന്റെ വിവിധ ഘടകങ്ങൾക്ക് 40ശതമാനം സംസ്ഥാന വിഹിതമായി 465.20 കോടി രൂപയും മൃതസഞ്ജീവനി പദ്ധതിക്കായി രണ്ടരക്കോടിയും മാറ്റിവെച്ചിട്ടുണ്ട്.



