
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും തിരക്കേറിയ യാത്രാ സീസണിന് വ്യോമയാന മേഖല ഒരുങ്ങിനില്‍ക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് കൊള്ള തടയാനുള്ള നടപടികളുമായി വ്യോമയാന മന്ത്രാലയം. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്ത്, സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനും ന്യായമായ നിരക്ക് ഈടാക്കാനും ഡിജിസിഎ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വിമാന യാത്രാനിരക്കുകള്‍ നിരീക്ഷിക്കാനും, പ്രത്യേകിച്ച് ഉത്സവ സീസണില്‍ നിരക്കുകള്‍ കുത്തനേകൂട്ടിയാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാനും ഡിജിസിഎ) ചുമതലപ്പെടുത്തിയിരിക്കുന്നു’ വ്യോമയാന മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഡിജിസിഎ മുന്‍കൈയെടുത്ത് ഈ വിഷയം വിമാന കമ്പനികളുമായി ചര്‍ച്ച നടത്തി. ഉത്സവ സീസണില്‍ അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്താന്‍ വിമാന കമ്പനികള്‍ സമ്മതിച്ചതായും ഡിജിസിഎ അറിയിച്ചു.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നൂറുകണക്കിന് അധിക സര്‍വീസുകള്‍ നടത്തുമെന്നാണ് പ്രമുഖ വിമാനക്കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്‍ഡിഗോ, 42 സെക്ടറുകളിലായി ഏകദേശം 730 അധിക സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചു. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ചേര്‍ന്ന് 20 റൂട്ടുകളിലായി ഏകദേശം 486 അധിക സര്‍വീസുകള്‍ നടത്തും. സ്‌പൈസ് ജെറ്റ് 38 സെക്ടറുകളിലായി 546 അധിക സര്‍വീസുകള്‍ നടത്തും.
ഉത്സവ സീസണില്‍ യാത്രക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, വിമാനക്കമ്പനികളുടെ യാത്രാനിരക്കുകളിലും സര്‍വീസുകള്‍ കര്‍ശനമായ മേല്‍നോട്ടം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.