യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾഇന്ത്യ-യുഎസ് വ്യാപാര കരാർ: യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയൽഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ച നേടിയെന്ന് കേന്ദ്രസർക്കാർജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കും

യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ

ന്യൂഡൽഹി: വിമാന ടിക്കറ്റ് എടുത്ത ശേഷം പണം നഷ്ടമാവാതെ ടിക്കറ്റ് റദ്ദാക്കാനും മാറ്റം വരുത്താനും സമയം അനുവദിക്കുന്ന നിര്‍ണായക മാര്‍ഗനിര്‍ദേശങ്ങള്‍ ഡിജിസിഎ പുറപ്പെടുവിച്ചു. ടിക്കറ്റ് എടുത്ത ശേഷമുള്ള 48 മണിക്കൂര്‍ സമയത്തിനുള്ളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാനാവില്ലെന്നാണ് ഡിജിസിഎ അറിയിക്കുന്നത്. ഇത് നിരവധി വിമാനയാത്രികര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുക.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) ഫെബ്രുവരി 24നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 26 മുതല്‍ ഡിജിസിഎ നിര്‍ദേശം നടപ്പില്‍ വരും. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യേണ്ടി വരുമ്പോള്‍ എയര്‍ലൈനുകള്‍ പണം ഈടാക്കുന്നുവെന്ന് യാത്രക്കാര്‍ വലിയ തോതില്‍ പരാതിപ്പെട്ടിരുന്നു. ഇത്തരം പരാതികളുടെ അടിസ്ഥാനത്തിലാണ് ഡിജിസിഎ നടപടി.

ഉപയോഗിക്കാത്ത ടിക്കറ്റുകളുടെ റീഫണ്ട് വൈകിപ്പിക്കുന്നു, റദ്ദാക്കിയ വിമാന ടിക്കറ്റിന്റെ നിരക്കില്‍ നിന്നും വലിയ കുറവു വരുത്തുന്നു, റീഫണ്ട് തരാത്ത എയര്‍ലൈനുകള്‍ ഭാവി യാത്രയ്ക്കായി ആ പണം മാറ്റുമെന്ന് പറയുമ്പോഴും നിശ്ചിത കാലയളവില്‍ യാത്ര ചെയ്യണമെന്ന് നിര്‍ദേശിക്കുന്നു എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് യാത്രികര്‍ പ്രധാനമായും പരാതി പറഞ്ഞതെന്നാണ് ഡിജിസിഎ അറിയിക്കുന്നത്.

48 മണിക്കൂര്‍!
വിമാനടിക്കറ്റ് ബുക്ക് ചെയ്ത ശേഷമുള്ള 48 മണിക്കൂറിനിടെ ടിക്കറ്റില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കും ടിക്കറ്റ് റദ്ദാക്കുന്നതിനും പ്രത്യേകം ഫീസ് ഈടാക്കരുതെന്നതാണ് ഡിജിസിഎ നിര്‍ദേശങ്ങളില്‍ പ്രധാനം. ഇത് യാത്രികര്‍ക്ക് വലിയ തോതില്‍ ആശ്വാസം നല്‍കുന്നതാണ്. അതേസമയം ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത്തരം ഇളവ് യാത്രികര്‍ക്ക് ലഭിക്കുകയുമില്ല.

യാത്രികര്‍ വിമാന ടിക്കറ്റ് എയര്‍ലൈനുകളുടെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നും എടുത്താല്‍ മാത്രമാണ് 48 മണിക്കൂര്‍ സാവകാശത്തിന് അവസരമുണ്ടാവുക. ആഭ്യന്തര യാത്രകളില്‍ ഏഴു ദിവസത്തിനുള്ളിലും രാജ്യാന്തര യാത്രകളില്‍ 15 ദിവസത്തിനുള്ളിലും എടുക്കുന്ന ടിക്കറ്റുകള്‍ക്ക് ഈ സാവകാശം ലഭിക്കുകയില്ല.

യാത്രികര്‍ വിമാന ടിക്കറ്റ് റദ്ദാക്കി പുതിയ ടിക്കറ്റ് എടുക്കുകയാണെങ്കില്‍ ടിക്കറ്റുകള്‍ തമ്മിലുള്ള തുകയുടെ വ്യത്യാസം യാത്രികര്‍ നല്‍കേണ്ടി വരും. ഇനി ടിക്കറ്റ് എടുത്ത് 48 മണിക്കൂറിനു ശേഷമാണ് റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നതെങ്കില്‍ എയര്‍ലൈനുകള്‍ നിര്‍ദേശിക്കുന്ന തുക യാത്രികര്‍ക്ക് നല്‍കേണ്ടി വരും.

പേരു മാറ്റാം
ടിക്കറ്റെടുക്കുമ്പോള്‍ പേരില്‍ തെറ്റു പറ്റിയാല്‍ പോലും അത് തിരുത്താന്‍ എയര്‍ലൈനുകള്‍ പണം ഈടാക്കിയിരുന്നു. അബദ്ധം പറ്റുന്നവരുടെ പോലും പോക്കറ്റടിക്കുന്ന ഈ നടപടി എയര്‍ലൈനുകള്‍ അവസാനിപ്പിക്കണമെന്നാണ് ഡിജിസിഎ നിര്‍ദേശിക്കുന്നത്.

24 മണിക്കൂറിനുള്ളില്‍ ഇത്തരം തെറ്റുകള്‍ യാത്രികര്‍ ചൂണ്ടിക്കാണിച്ചാല്‍ സൗജന്യമായി തിരുത്തി നല്‍കാന്‍ എയര്‍ലൈനുകള്‍ ബാധ്യസ്ഥരാണെന്നാണ് ഡിജിസിഎ അറിയിക്കുന്നത്.

റീഫണ്ട്
വിമാന ടിക്കറ്റ് റദ്ദാക്കുന്ന സാഹചര്യങ്ങളില്‍ കൃത്യമായി പണം കൈമാറാതെ പല കാരണങ്ങളും പറഞ്ഞ നീട്ടിക്കൊണ്ടുപോവാനും ഇനി പറ്റില്ല. ടിക്കറ്റ് റീഫണ്ട് നിയമങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. ടിക്കറ്റ് റദ്ദാക്കിയാല്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയാണെങ്കില്‍ 7 ദിവസത്തിനകവും പണമായിട്ടാണെങ്കില്‍ ഉടന്‍ തന്നെയും പണം നിരികെ നല്‍കണം.

ട്രാവല്‍ ഏജന്റുമാര്‍ വഴിയാണ് ബുക്ക് ചെയ്തതെങ്കിലും യാത്രികര്‍ക്ക് പണം നല്‍കേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം എയര്‍ലൈനുകള്‍ക്കാണെന്നും ഡിജിസിഎ അറിയിക്കുന്നു. 14 ദിവസത്തിനുള്ളിലാണ് ഈ പണം കൈമാറേണ്ടത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ടിക്കറ്റ് റദ്ദാക്കിയാല്‍
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് യാത്ര മുടങ്ങിയാല്‍ പണം നഷ്ടപ്പെടുമെന്ന ആശങ്കയും ഡിജിസിഎ അവസാനിപ്പിച്ചിരിക്കുന്നു.

വിമാന യാത്രക്കാരനോ അതേ പിഎന്‍ആറില്‍ ഉള്‍പ്പെട്ടയാള്‍ക്കോ പെട്ടെന്ന് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി യാത്ര ചെയ്യാനാവാത്ത സാഹചര്യങ്ങളുണ്ടായാല്‍ എന്തു ചെയ്യണമെന്ന നിര്‍ദേശവും ഡിജിസിഎ നല്‍കുന്നുണ്ട്.

ഇത്തരം സാഹചര്യങ്ങളില്‍ വിമാന ടിക്കറ്റിന്റെ തുക പൂര്‍ണമായും എയര്‍ലൈനുകള്‍ തിരികെ നല്‍കണം. അല്ലെങ്കില്‍ പിന്നീട് ഉപയോഗിക്കാവുന്ന വിധത്തില്‍ ക്രെഡിറ്റ് ഷെല്‍ ആയി യാത്രികര്‍ക്ക് മാറ്റി നല്‍കണം.

ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം യാത്ര ചെയ്യാനാവില്ലെന്ന് തെളിയിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോ ആശുപത്രി രേഖകളോ ഹാജരാക്കിയാല്‍ മാതിയാവും. ഇനി മറ്റേതെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ എയര്‍ലൈനിലെ തന്നെ എയ്‌റോസ്‌പേസ് മെഡിസിന്‍ സ്‌പെഷലിസ്‌റ്റോ ഡിജിസിഎ അംഗീകരിച്ച ഡോക്ടറോ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റീഫണ്ട് നല്‍കണം.

X
Top