
ന്യൂയോർക്ക്: അമേരിക്കയുടെ ജി.ഡി.പി വളർച്ച 2022ലെ അവസാനപാദത്തിൽ (ഒക്‌ടോബർ-ഡിസംബർ) 2.7 ശതമാനമായി കുറഞ്ഞു. 2.9 ശതമാനം വളർന്നുവെന്നാണ് കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് നേരത്തേ അവകാശപ്പെട്ടിരുന്നത്.
ഉപഭോക്തൃചെലവിലെ പുനഃപരിശോധനയിൽ ഇടിവ് വിലയിരുത്തിയതിനെ തുടർന്നാണ് ജി.ഡി.പി വളർച്ചാനിരക്ക് പുനർനിർണയിച്ചത്.
അതേസമയം, 2022ലെ മൊത്തം ജി.ഡി.പി വളർച്ചാനിരക്കിൽ (2.1 ശതമാനം) മാറ്റമില്ല. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വൻ തോതിൽ അടിസ്ഥാന പലിശനിരക്ക് കൂട്ടിയത് ഭവനമേഖലയിലെ ഡിമാൻഡിനെ ബാധിച്ചതും കഴിഞ്ഞപാദത്തിലെ ജി.ഡി.പി വളർച്ചാനിരക്കിനെ ബാധിച്ചു.
മൂന്നാംപാദത്തിൽ (ജൂലായ്-സെപ്തംബർ) ജി.ഡി.പി വളർച്ച 3.2 ശതമാനമായിരുന്നു.
ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ അമേരിക്കയിൽ 2023ന്റെ ആദ്യ ത്രൈമാസങ്ങളിലും വളർച്ചാനിരക്ക് കുറവായിരിക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തലുകൾ.






