
ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണം നടപ്പിലായ സെപ്തംബര്‍ 22 ന് തന്നെ ഉപഭോഗം കുതിച്ചുയര്‍ന്നു. കാറുകളുടേയും നിത്യോപയോഗ വസ്തുക്കളുടേയും വിലക്കുറവിനെത്തുടര്‍ന്നാണിത്.
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി 80,000 ഉപഭോക്തൃ അന്വേഷണമാണ് തിങ്കളാഴ്ച സ്വീകരിച്ചത്. 25,000 ഡെലിവറികളും നടത്തി. ഹ്യൂണ്ടായി 11,000 കാറുകളുടെ ബില്ലിംഗ് നടത്തിയപ്പോള്‍ ഔട്ട്‌ലെറ്റുകളായ ഡിമാര്‍ട്ട്, റിലയന്‍സ് സ്മാര്‍ട്ട് ബസാര്‍, പാന്റലൂണ്‍ എന്നിവയില്‍ ദിവസം മുഴുവന്‍ തിരക്കനുഭവപ്പെട്ടു.
ജിഎസ്ടി 18 ശതമാനമായി കുറഞ്ഞ 4 മീറ്ററുകളില്‍ കുറഞ്ഞ കാറുകള്‍ക്കാണ് വന്‍ ഡിമാന്റ്. ചെറുകാറുകളുടെ ബുക്കിംഗ് 50 ശതമാനം വര്‍ദ്ധിച്ചതായി മാരുതി മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് ഹെഡ് പാര്‍ത്തോ ബാനര്‍ജി പറയുന്നു.
നവരാത്രി ആഘോഷങ്ങളുടെ തുടക്കത്തില്‍ നിലവില്‍ വന്ന ജിഎസ്ടി കുറവ് ഓണ്‍ലൈന്‍ റീട്ടെയ്ല്‍ പ്ലാറ്റ്‌ഫോമുകളേയും ഉത്സവപറമ്പാക്കി. ഫാഷന്‍ ബ്രാന്റ് ദ പാന്റ് 15-20 ശതമാനം അധിക വില്‍പന രേഖപ്പെടുത്തിയപ്പോള്‍ ഡയറക്ട് ടു കണ്‍സ്യൂമര്‍ ക്ലോത്തിംഗ് ബ്രാന്റ് കാംപസ് സൂത്ര 36 ശതമാനം അധിക വില്‍പനയും സ്‌നിച്ച് 40 ശതമാനം അധിക ഓര്‍ഡറുകളും നേടി.
ക്രോമ, ഗോദ്റെജ് അപ്ലയന്‍സസ് പോലുള്ള ഇലക്ട്രോണിക് സ്റ്റോറുകളില്‍ ഉപഭോക്തൃ അന്വേഷണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ടെലിവിഷനുകളുടെയും എയര്‍ കണ്ടീഷണറുകളുടെയും വിഭാഗങ്ങളില്‍. ഇവ ഇപ്പോള്‍ 28% ജിഎസ്ടിക്ക് പകരം 18% ജിഎസ്ടി ആകര്‍ഷിക്കുന്നു.
വാരാന്ത്യത്തില്‍, പ്രത്യേകിച്ച് ചെറിയ പട്ടണങ്ങളില്‍, തിരക്ക് വര്‍ദ്ധിക്കുമെന്ന് ഗോദ്റെജിന്റെ വീട്ടുപകരണങ്ങളുടെ തലവനായ കമല്‍ നന്ദി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഉത്സവ സീസണിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 20% വര്‍ദ്ധനവ് ക്രോമ ലക്ഷ്യമിടുന്നു.
ജിഎസ്ടി കൗണ്‍സിലിന്റെ 56-ാമത് യോഗത്തില്‍ അന്തിമമാക്കിയ മാറ്റങ്ങള്‍ ജിഎസ്ടി സ്ലാബുകളെ 5,18 ശതമാനമാക്കിയാണ് നിജപ്പെടുത്തുന്നത്. പുകയില, പാന്‍ മസാല, ഉയര്‍ന്ന നിലവാരമുള്ള കാറുകള്‍, യാച്ചുകള്‍, എയറേറ്റഡ് പാനീയങ്ങള്‍ തുടങ്ങിയ ആഡംബര, ഹാനികരമായ വസ്തുക്കള്‍ക്ക് 40 ശതമാനം ജിഎസ്ടിയും കൂടാതെ നഷ്ടപരിഹാര സെസും ബാധകമാകും.