ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

ദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളം

തിരുവനന്തപുരം: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന 56-ാമത് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ (ഡബ്ല്യുഇഎഫ്) വാര്‍ഷിക യോഗത്തില്‍ 1,17,000 കോടി രൂപയുടെ (14 ബില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപ വാഗ്ദാനം നേടി കേരളം. പുനരുപയോഗ ഊര്‍ജ്ജം, ഗ്ലോബല്‍ കപ്പാസിറ്റി സെന്‍ററുകള്‍ (ജിസിസി), നൈപുണ്യ വികസനം, സാമ്പത്തിക സേവനങ്ങള്‍, ടൂറിസം-വെല്‍നസ്, മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍-മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിലാണ് നിക്ഷേപ താത്പര്യങ്ങളും നിര്‍ദ്ദേശങ്ങളുമുള്ളത്. വ്യവസായ മന്ത്രി പി. രാജീവ് നയിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ ഉന്നതതല പ്രതിനിധി സംഘം ആഗോള വ്യവസായ പ്രമുഖര്‍ക്ക് മുന്നില്‍ സംസ്ഥാനത്തിന്‍റെ വ്യാവസായിക, നിക്ഷേപ ആവാസവ്യവസ്ഥ അവതരിപ്പിച്ചു.

ജനുവരി 19 മുതല്‍ 23 വരെ നടന്ന പരിപാടിയില്‍ ഇന്ത്യയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ കമ്പനി മേധാവികളുമായി ചര്‍ച്ചകളും ബിസിനസ് യോഗങ്ങളും നടത്തിയെന്ന് മന്ത്രി രാജീവ് പറഞ്ഞു. പരമ്പരാഗത, നൂതന മേഖലകളില്‍ വൈവിധ്യവല്‍ക്കരണവും വളര്‍ച്ചയും ലക്ഷ്യമിടുന്ന കേരളം യുഎസ്, യുകെ, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ആഗോള നിക്ഷേപകരില്‍ നിന്ന് 1,17,000 കോടി രൂപയുടെ (14 ബില്യണ്‍ യുഎസ് ഡോളര്‍) മൊത്തം നിക്ഷേപ പ്രതിബദ്ധത നേടാനായതില്‍ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി. രാജീവിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രതിനിധി സംഘം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാര, ബിസിനസ് പ്രമോഷന്‍ ഏജന്‍സികളുടെ വ്യവസായ നേതാക്കള്‍, സിഇഒമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മുമ്പാകെയാണ് വളര്‍ച്ച പ്രാപിക്കുന്നതും സുസ്ഥിരവുമായ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ അവതരിപ്പിച്ചത്.

ലോക സാമ്പത്തിക ഫോറവുമായി ഇടപഴകുന്നതിനും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് കരുത്തേകി കേരള പ്രതിനിധി സംഘം ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഡബ്ല്യുഇഫില്‍ പങ്കെടുക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എംഡി പി. വിഷ്ണുരാജ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. സംസ്ഥാനത്തെ പ്രമുഖ നിക്ഷേപകരും പ്രതിനിധി സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അഞ്ച് ദിവസത്തെ ഫോറത്തില്‍ രാഷ്ട്ര പ്രതിനിധികളും വ്യവസായ പ്രമുഖരും ഒത്തുചേര്‍ന്ന് അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും സഹകരണം ആരായുകയും ചെയ്തു. കേരളം സന്ദര്‍ശിക്കാനും വ്യവസായ സഹകരണത്തിന്‍റെ വ്യാപ്തി നേരിട്ടറിയാനും മന്ത്രി വ്യവസായ നേതാക്കളെ ക്ഷണിച്ചു.

മന്ത്രി കൂടിക്കാഴ്ച നടത്തിയ ബിസിനസ് നേതാക്കളും നയരൂപീകരണ വിദഗ്ധരും സംസ്ഥാനത്തിന്‍റെ ഭാവിക്ക് അനുയോജ്യമായ വ്യാവസായിക ഭൂപ്രകൃതിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ താല്പര്യം പ്രകടിപ്പിച്ചു. ഇത് വിവിധ മേഖലകളില്‍ നിക്ഷേപത്തിന് സാധ്യത വാഗ്ദാനം ചെയ്യാന്‍ സഹായിക്കുന്നതാണ്. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമുള്ള നയരൂപീകരണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ വണ്‍ ഓണ്‍ വണ്‍ ചര്‍ച്ചകളിലും കൂടിക്കാഴ്ചകളിലും മന്ത്രി വിശദീകരിച്ചു. ഈ പരിഷ്കാരങ്ങള്‍ കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിന് സഹായിച്ചു. ഇത് കേരളത്തെ ഇന്ത്യയിലെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിംഗില്‍ ഒന്നാമതെത്തിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സംഭാഷണങ്ങള്‍ ക്രിയാത്മകവും ഭാവി കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്നതുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സമീപഭാവിയില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന നിരവധി പങ്കാളിത്തങ്ങള്‍ക്ക് തുടക്കമിടുന്ന ചര്‍ച്ചകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്ത നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നതും ഇഎസ് ജി നയം അടിസ്ഥാനമാക്കിയുമുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സാധിച്ചത് ശ്രദ്ധേയം. ഇതിലൂടെ പരിസ്ഥിതിയ്ക്ക് അനുകൂലമായ വ്യവസായങ്ങള്‍ക്കുള്ള നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാനാകും. ഡബ്ല്യുഇഎഫില്‍ ‘കേരളം- ഇന്ത്യയുടെ ആഗോള നിക്ഷേപത്തിലേക്കുള്ള കവാടം’ എന്ന പ്രമേയത്തിലുള്ള സംസ്ഥാനത്തിന്‍റെ പവലിയന്‍ നിരവധി സന്ദര്‍ശകരെ ആകര്‍ഷിച്ചു. സാമ്പത്തിക പ്രതിസന്ധികളും ഭൗമരാഷ്ട്രീയ തടസ്സങ്ങളും നിറഞ്ഞ ആഗോള സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുള്ള ഡബ്ല്യുഇഎഫിന്‍റെ ഈ പതിപ്പിന്‍റെ കേന്ദ്രവിഷയമായ ‘എ സ്പിരിറ്റ് ഓഫ് ഡയലോഗ്’ എന്ന ആശയത്തോടുള്ള അതിന്‍റെ പ്രതിഫലനത്തെയും അവര്‍ അഭിനന്ദിച്ചു.

ജനുവരി 21 ന് കേരള പ്രതിനിധി സംഘം ദാവോസിലെ എബ്രഹാം ഹൗസില്‍ പാനല്‍ ചര്‍ച്ചകളും അവതരണങ്ങളും സംഘടിപ്പിച്ചു. കേരളത്തിന്‍റെ നിലവിലെ മുന്നേറ്റത്തെയും ഭാവി കാഴ്ചപ്പാടുകളെയും കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു ഈ സെഷന്‍. സംസ്ഥാനത്തിന്‍റെ പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍, കരുത്തുറ്റ ചെറുകിട ഇടത്തരം വ്യവസായ ആവാസവ്യവസ്ഥ, ഈ സംരംഭങ്ങളുടെ നേതൃത്വനിരയില്‍ 37 ശതമാനം സ്ത്രീകള്‍, പുരോഗമനപരമായ സാമൂഹികി ചട്ടക്കൂട് എന്നിവയ്ക്ക് സെഷനില്‍ ഊന്നല്‍ നല്‍കി. ഗ്രീന്‍ എനര്‍ജി, ഗ്രീന്‍ ടെക്നോളജി, മെഡിക്കല്‍ ഡിവൈസ് നിര്‍മ്മാണം തുടങ്ങിയ വളര്‍ന്നുവരുന്ന മേഖലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. സുസ്ഥിരവും നൂതനാശയങ്ങളാല്‍ നയിക്കപ്പെടുന്നതുമായ വിജ്ഞാനാധിഷ്ഠിത നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമായ ലക്ഷ്യസ്ഥാനമായി കേരളത്തെ അവതരിപ്പിച്ചു.

റാംകി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ഇക്കോടൗണ്‍ വികസനം & 2000 ഏക്കര്‍ സംയോജിത വ്യവസായ പാര്‍ക്കുകള്‍), റീസസ്റ്റൈനബിലിറ്റി ലിമിറ്റഡ് (സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ്), ബൈദ്യനാഥ് ബയോഫ്യൂവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (റിന്യൂവബിള്‍ എനര്‍ജി), ഡിപിഐഎഫ്എസ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്. (എഐ ട്രാഫിക് സിസ്റ്റംസ്), ആക്മി ഗ്രൂപ്പ് (ബാറ്ററി സ്റ്റോറേജ് സിസ്റ്റം), എല്‍എന്‍കെ എനര്‍ജി (റിന്യൂവബിള്‍ എനര്‍ജി), സിഫി ടെക്നോളജീസ് (ഡാറ്റ സെന്‍റര്‍ സെക്ടര്‍), ഡെല്‍റ്റ എനര്‍ജി സൊല്യൂഷന്‍ ജിഎംബിഎച്ച് & കോ.കെജി (എനര്‍ജി ഹോസ്പിറ്റാലിറ്റി & ഹെല്‍ത്ത്കെയര്‍), ഇക്കോ ഗാര്‍ഡ് ഗ്ലോബല്‍ എജി (ഇഎസ് ജി അലൈന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്), ഗ്രീന്‍കോ ഗ്രൂപ്പ് (എനര്‍ജി സെക്ടര്‍), ജെനസിസ് ഇന്‍ഫ്രാസ്ട്രക്ചര്‍ (എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍), ഇനോക്സ്വിന്‍ഡ് ലിമിറ്റഡ് (വിന്‍ഡ് പവര്‍), കാനിസ് ഇന്‍റര്‍നാഷണല്‍, കാനഡ (സ്പൈസ്, എയ്റോസ്പേസ് &  എനര്‍ജി), സയേ എന്‍വെസ്റ്റ് കാപ്സ് അഡ്വൈസറി ലിമിറ്റഡ് (റിന്യൂവബിള്‍ എനര്‍ജി) തുടങ്ങി 500 കോടി രൂപയോ അതില്‍ കൂടുതലോ നിക്ഷേപമുള്ള ബിസിനസ് സ്ഥാപനങ്ങളുടെ താത്പര്യപത്രവും ഡബ്ല്യുഇഎഫിന്‍റെ ഭാഗമായി ലഭിച്ചു.

X
Top