
ന്യൂഡല്‍ഹി: പുതിയ ഡാറ്റ പ്രൈവസി ബില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. മുന്‍ പതിപ്പ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. തുടര്‍ന്നാണ് പുതിയ ബില്‍ നിലവില്‍ വരുന്നത്.
നിലവിലെ നിയമം എല്ലാ പ്രശ്‌നവും അഭിസംബോധന ചെയ്യുന്നില്ലെന്ന് ബന്ധപ്പെട്ട മന്ത്രി രാജ്യസഭയില്‍ പറഞ്ഞിരുന്നു. ഇക്കാര്യം തുറന്നുപറഞ്ഞതിന് സീതാരാമന്‍ മന്ത്രിയെ അഭിനന്ദിച്ചു. യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച ഇന്ത്യ ഐഡിയാസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യക്കകത്തും പുറത്തുനിന്നുള്ള വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തിയതിനാല്‍ പുതിയ ബില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാകും. വ്യക്തിഗത വിവര സംരക്ഷണ ബില്‍ 2019 ഓഗസ്റ്റ് 3 ന് കേന്ദ്രം പിന്‍വലിച്ചിരുന്നു. മൗലികാവകാശമായ, സ്വകാര്യത സംരക്ഷിക്കാന്‍ പര്യാപ്തമല്ലാത്തിനാലാണ് ഇത്.
സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സമഗ്രമായ നിയമ ചട്ടക്കൂട് തയ്യാറാക്കി വരികയാണെന്നും അതിനെ അടിസ്ഥാനമാക്കിയ പുതിയ ബില്‍ ഉടന്‍ അവതരിപ്പിക്കുമെന്നും ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവും പറഞ്ഞു.
വിരമിച്ച സുപ്രീം കോടതി ജഡ്ജി ബി.എന്‍.ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് വ്യക്തിഗത വിവര സംരക്ഷണ ബില്‍ 2018 ല്‍ ആദ്യമായി തയ്യാറാക്കിയത്. ബില്ലിന്റെ കരട് 2019ല്‍ കേന്ദ്രം ലോക്‌സഭയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ആ വര്‍ഷം ഡിസംബറില്‍ അത് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടു.
മുന്‍ ബില്‍ സംരക്ഷണം വ്യക്തിഗത ഡാറ്റയില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. മാത്രമല്ല, വ്യക്തിഗതമല്ലാത്ത ഡാറ്റ അതിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കത്തെ പലരും വിമര്‍ശിക്കുകയും ചെയ്തു. ഡാറ്റ സംരക്ഷണ നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്കായിരിക്കണം മുന്‍ഗണനയെന്ന് ബിഎന്‍ ശ്രീകൃഷ്ണ പറഞ്ഞിരുന്നു.