
മുംബൈ: ഓഗസ്റ്റ് 4 ന് തുടങ്ങുന്ന ആഴ്ചയില്‍ ദലാല്‍ സ്ട്രീറ്റില്‍ 12 ഐപിഒകളും 14 ലിസ്റ്റിംഗും നടക്കും. സൂചികകളിലെ ഇടിവ് പ്രൈമറി മാര്‍ക്കറ്റിനെ ബാധിച്ചിട്ടില്ലെന്ന് ഈ പ്രവണത വ്യക്തമാക്കുന്നു. 12 കമ്പനികള്‍ ഏകദേശം 9200 കോടി രൂപയാണ് സമാഹരിക്കുക. ഇതില്‍ 8919 കോടി രൂപയുടെ നാല് മെയിന്‍ബോര്‍ഡ് ഐപിഒകള്‍ ഉള്‍പ്പെടുന്നു.
ടോള്‍ പിരിവ് സേവനങ്ങളുടെയും ഇപിസി പ്രോജക്ടുകളുടെയും കമ്പനിയായ ഹൈവേ ഇന്‍ഫ്രാസ്ട്രക്ചറിന്റെയും ഏറ്റവും വലിയ ഓഫീസ് റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റായ (REIT) നോളജ് റിയാലിറ്റി ട്രസ്റ്റിന്റെയും പ്രാരംഭ ഓഫര്‍ ആരംഭിക്കുന്നത് ഓഗസ്റ്റ് 5 നാണ്. രണ്ടും മെയിന്‍ബോര്‍ഡ് വിഭാഗത്തില്‍ നിന്നാണ്.
ഹൈവേ ഇന്‍ഫ്രാസ്ട്രക്ചര്‍ 130 കോടി രൂപയും നോളജ് റിയാലിറ്റി ട്രസ്റ്റ് 4,800 കോടി രൂപയും പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) വഴി സമാഹരിക്കുമ്പോള്‍ ജെഎസ്ഡബ്ല്യു സിമന്റിന്റെ 3600 കോടി ഐപിഒയും സുനില്‍ സിംഘാനിയയുടെ പിന്തുണയുള്ള ഓള്‍ടൈം പ്ലാസ്റ്റിക്ക് ഐപിഒയും ഓഗസ്റ്റ് 7 ന് നടക്കും.
എസ്എംഇ വിഭാഗത്തില്‍ എട്ട് ഐപിഒകളാണുള്ളത്. ഭഡോറ ഇന്‍ഡസ്ട്രീസ്, പാര്‍ത്ത് ഇലക്ട്രിക്കല്‍സ് & എഞ്ചിനീയറിംഗ്, ജ്യോതി ഗ്ലോബല്‍ പ്ലാസ്റ്റ്, ആരാധ്യ ഡിസ്‌പോസല്‍ ഇന്‍ഡസ്ട്രീസ്, ബിഎല്‍ടി ലോജിസ്റ്റിക്‌സ് എന്നിവ ഓഗസ്റ്റ് 4 ന് ലോഞ്ച് ചെയ്യുമ്പോള്‍ സവാലിയ ഫുഡ് പ്രൊഡക്ട്‌സിന്റെയും എഎന്‍ബി മെറ്റല്‍ കാസ്റ്റിന്റെയും ഐപിഒ യഥാക്രമം ഓഗസ്റ്റ് 7 നും എട്ടിനും ലോഞ്ച് ചെയ്യും.
ലിസ്റ്റിംഗുകളില്‍ ആദിത്യ ഇന്‍ഫോടെക്ക്, ലക്ഷ്മി ഇന്ത്യ ഫിനാന്‍സ് എന്നിവ ഓഗസ്റ്റ് 5 നാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നത്. എന്‍എസ്ഡിഎല്‍, എംആന്റ്ബി എഞ്ചിനീയറിംഗ്, ശ്രീ ലോട്ടസ് ഡെവലപ്പേഴ്‌സ് എന്നിവ ഓഗസ്റ്റ് 6 ന് അരങ്ങേറ്റം കുറിക്കും.
എസ്എംഇ വിഭാഗത്തില്‍, ഉമിയ മൊബൈല്‍, റെപോണോ ഓഹരികളുടെ വ്യാപാരം ഓഗസ്റ്റ് 4 മുതലും ടാകിയോണ്‍ നെറ്റ്വര്‍ക്ക്‌സ്, മെഹുല്‍ കളേഴ്സ്, ബിഡി ഇന്‍ഡസ്ട്രീസ് (പൂനെ) എന്നീ ഓഹരികളുടെ വ്യാപാരം ഓഗസ്റ്റ് 6 മുതലും ബിഎസ്ഇ എസ്എംഇയില്‍ തുടങ്ങും. എന്‍എസ്ഇ എമേര്‍ജില്‍ കെയ്‌ടെക്‌സ് ഫാബ്രിക്‌സ് ഓഹരികള്‍ ഓഗസ്റ്റ് 5 മുതലും റെനോള്‍ പോളികെം, കാഷ് ഉര്‍ ഡ്രൈവ് മാര്‍ക്കറ്റിംഗ് ഓഗസ്റ്റ് 7 മുതലും ഫ്‌ലൈസ്ബിഎസ് ഏവിയേഷന്‍ ഓഗസ്റ്റ് 8 മുതലുമാണ് ആരംഭിക്കുക.