
തിരുവനന്തപുരം: തട്ടിപ്പുകാർക്ക് വാടകയ്ക്കുനൽകുന്ന ബാങ്ക് അക്കൗണ്ടെന്ന (മ്യൂൾ അക്കൗണ്ട്) സംശയത്തിൽ ഒന്നരക്കൊല്ലത്തിനിടെ സൈബർ പോലീസ് മരവിപ്പിച്ചത് എഴുപതിനായിരത്തോളം അക്കൗണ്ടുകൾ. എന്നാൽ, ഇവ പ്രവർത്തനസജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെയും കോടതിയെയും സമീപിച്ചത് അയ്യായിരത്തിൽത്താഴെ അക്കൗണ്ടുടമകൾ മാത്രം. ഉടമകളിൽ ഭൂരിഭാഗവും ബാങ്കുകളെ സമീപിക്കാത്തത് അക്കൗണ്ടുകൾ വാടകയാണെന്നതിനാലാണെന്ന് പോലീസ് പറയുന്നു.
തട്ടിപ്പ് പണം നേരിട്ടെത്തിയെന്ന് സംശയിക്കുന്ന അക്കൗണ്ടുകൾ മാത്രമാണ് ഇതുവരെ മരവിപ്പിച്ചത്. അക്കൗണ്ടുകൾ നൽകുന്നതിലും പണമിടപാടുകൾ നിരീക്ഷിക്കുന്നതിലും ബാങ്ക് അധികൃതരും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ബാങ്ക്-പോലീസ് അധികൃതരുടെ യോഗത്തിൽ നിർദേശമുയർന്നു. കൃത്യമായി കെവൈസി പരിശോധനകൾ നടത്താതെയും നിരീക്ഷണം നടത്താതെയുമുള്ള ഇത്രയധികം അക്കൗണ്ടുകൾ ഉണ്ടായിരുന്നുവെന്നത് സൈബർ വിഭാഗത്തെയും ഞെട്ടിച്ചിട്ടുണ്ട്.
അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടപ്പോൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോടതിയ സമീപിച്ചത് അഞ്ഞൂറോളം അക്കൗണ്ട് ഉടമകളാണ്. പോലീസിനെയും ബാങ്കിനെയും നേരിട്ടുസമീപിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയവരാണ് ബാക്കിയുള്ളവർ.
ഒരോ ബാങ്കുകളും അസ്വാഭാവിക ഇടപാടുകൾ നടക്കുന്ന അക്കൗണ്ടുടമകളുടെ പ്രൊഫൈൽ പരിശോധിക്കുന്നത് കർശനമാക്കിയാൽത്തന്നെ മ്യൂൾ അക്കൗണ്ടുകൾ പെട്ടെന്ന് ഒഴിവാക്കാനാകും. എന്നാൽ, ഈ നടപടി കാര്യമായി നടക്കാത്ത ചില പ്രത്യേക ബാങ്കുകൾ കേന്ദ്രീകരിച്ചാണ് കൂടുതൽ തട്ടിപ്പ് പണം കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
നേരത്തേ മലയാളികളിൽനിന്ന് തട്ടിയെടുക്കുന്ന പണം കേരളത്തിലെ അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നുവെങ്കിൽ ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽനിന്ന് തട്ടിച്ചെടുക്കുന്നപണമാണ് കൂടുതലായും മലയാളികളുടെ വാടക അക്കൗണ്ടുകൾ വഴി കൈമാറ്റം ചെയ്യപ്പെടുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.