
ന്യൂഡല്‍ഹി: സിഎസ് സി ഇ-ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ 2023 ജൂലൈ മുതല്‍ ഇതുവരെ വിതരണം ചെയ്ത വായ്പകള്‍ 3000 കോടി രൂപ കടന്നു. ഗ്രാമീണ, പിന്നോക്ക മേഖലകളിലെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഉദ്യമത്തില്‍ സുപ്രധാന ചുവടുവെപ്പാണിത്.
കഴിഞ്ഞ മൂന്ന് സാമ്പത്തികവര്‍ഷങ്ങളിലായി വായ്പ പദ്ധതിയുടെ വളര്‍ച്ച അതിവേഗമാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി വഴി 86 കോടിയാണ് വിതരണം ചെയ്തതെങ്കില്‍ അടുത്തവര്‍ഷത്തില്‍ ഇത് 1631 കോടി രൂപയായും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 1300 കോടി രൂപയായും വളര്‍ന്നു.
മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 70,000. ഇവരില്‍ പലരും ആദ്യമായി വായ്പയെടുക്കുന്നവരും ചെറുകിട വായ്പ തേടുന്നവരും ബാങ്ക് സൗകര്യമില്ലാത്ത ഇടങ്ങളില്‍ നിന്നുള്ളവരുമാണ്. സിഎസ് സി, പിരമല്‍ ഫിനാന്‍സുമായുള്ള പങ്കാളിത്തത്തിലൂടെ വായ്പകള്‍ വിതരണം ചെയ്യുന്നു.
5.8 ലക്ഷത്തിലധികം ഗ്രാമതല സംരഭകരുടെ വിശാല ശൃംഖലവഴിയാണ് വിതരണം. ഇവര്‍ വിദൂര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുകയും പ്രാദേശിക പണമിടപാടുകാരേക്കാള്‍ വിലകുറഞ്ഞ സാമ്പത്തിക സേവനങ്ങള്‍ നല്‍കുകയും ചെയ്യും. ഡിജിറ്റല്‍ ശാക്തീകരണമാണ് 3,000 കോടി രൂപ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നതെന്ന് സിഎസ് സി എസ്പിവി മാനേജിംഗ് ഡയറക്ടര്‍, സിഇഒ സഞ്ജയ് കുമാര്‍ രാകേഷ് പറഞ്ഞു.
2006 സെപ്റ്റംബറില്‍ നാഷണല്‍ ഇ-ഗവേണന്‍സ് പ്ലാനിന്റെ (NeGP) ഭാഗമായാണ് സിഎസ്സി ഇ-ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡ് ആരംഭിച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ നേരിട്ട് പൗരന്മാര്‍ക്ക്, പ്രത്യേകിച്ചും ഗ്രാമ, വിദൂര പ്രദേശങ്ങളിലുള്ളവര്‍ക്ക് എത്തിക്കുകയാണ് ലക്ഷ്യം.






