
ലണ്ടൻ: ഹോങ്കോങ് ആസ്ഥാനമായുള്ള ബ്ലോക്ക്ചെയിൻ ഗെയിമിംഗ് ഡെവലപ്പറായ അനിമോക്ക ബ്രാൻഡ്സ് നിക്ഷേപകരിൽ നിന്ന് 110 മില്യൺ ഡോളർ സമാഹരിച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു. കമ്പനിയുടെ നിലവിലെ മൂല്യം ഏകദേശം 5.6 ബില്യൺ ഡോളറാണ്.
പുതിയ നിക്ഷേപകരിൽ സിംഗപ്പൂർ ആസ്ഥാനമായുള്ള ടെമാസെക്, ആഗോള വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ജിജിവി ക്യാപിറ്റൽ, ചൈന കേന്ദ്രീകരിച്ചുള്ള അസറ്റ് മാനേജറായ ബോയു ക്യാപിറ്റൽ എന്നിവ ഉൾപ്പെടുന്നു. ഇവയ്ക്ക് പുറമെ നിലവിലുള്ള ചില നിക്ഷേപകരും ഫണ്ടിങ്ങിൽ പങ്കെടുത്തു.
ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഒരു “മെറ്റാവേസ്” എന്ന കാഴ്ചപ്പാട് നിർമ്മിക്കുന്നതിനായി അനിമോക്ക ബ്രാൻഡ്സ് 340-ലധികം കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അതിൽ ഉപയോക്താക്കൾക്ക് നോൺ-ഫംഗബിൾ ടോക്കണുകളുടെ (NFT-കൾ) രൂപത്തിൽ ഡിജിറ്റൽ അസറ്റുകൾ വാങ്ങാനും ട്രേഡ് ചെയ്യാനും കഴിയും.
സമാഹരിക്കുന്ന ഫണ്ട് കൂടുതൽ ഏറ്റെടുക്കലുകൾക്കും നിക്ഷേപങ്ങൾക്കും ഒപ്പം ഉൽപ്പന്ന വികസനത്തിനും ബൗദ്ധിക സ്വത്തവകാശ ലൈസൻസുകൾ ഉറപ്പാക്കുന്നതിനും ഉപയോഗിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. അനിമോക്ക ബ്രാൻഡ്സ് ജൂലൈയിൽ 75 മില്യൺ ഡോളറും ജനുവരിയിൽ 360 മില്യൺ ഡോളറം സമാഹരിച്ചിരുന്നു.