
തിരുവനന്തപുരം: നവകേരളത്തിന്‍റെ വികസന വിസ്മയമായി മാറിക്കഴിഞ്ഞ വിഴിഞ്ഞത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്മെന്‍റ് ഹബ് ആകാനുള്ള ലക്ഷ്യവുമായി അന്താരാഷ്ട്ര തുറമുഖത്തിന്‍റെ രണ്ടാം ഘട്ട നിര്‍മ്മാണം ആരംഭിക്കുകയാണ്.
രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ് ആന്‍റ് വാട്ടര്‍വേയ്സ് മന്ത്രി ശ്രീ. സര്‍ബാനന്ദ സോനോവാള്‍ മുഖ്യതിഥിയായിരിക്കും.
സംസ്ഥാന സര്‍ക്കാരിന്‍റെ വികസനോമ്മുഖമായ ഇടപെടലുകളുടെ ഫലമായി വിഴിഞ്ഞം അന്താരാഷ്ട തുറമുഖത്തിന്‍റെ 2045-ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന സമ്പൂര്‍ണ്ണ വികസനം 2028 ഓടെ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഒരുങ്ങുകയാണ്. കണ്‍സഷണയറുമായി 2023ല്‍ ഏര്‍പ്പെട്ട സപ്ലിമെന്‍ററി കണസഷന്‍ കരാര്‍ പ്രകാരമാണ് തുറമുഖത്തിന്‍റെ 2, 3, 4 ഘട്ടങ്ങള്‍ 17 വര്‍ഷങ്ങള്‍ക്കു മുമ്പേ സംയോജിതമായി വികസിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ ആഴക്കടല്‍ തുറമുഖത്തിന്‍റെ ഒന്നാം ഘട്ടം (10 ലക്ഷം റ്റി.ഇ.യു കണ്ടെയ്നര്‍ വാര്‍ഷിക സ്ഥാപിത ശേഷി) 2024 ഡിസംബര്‍ 3-ന് പ്രവര്‍ത്തനക്ഷമമാവുകയും തുറമുഖത്തിന്‍റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പുരോഗമിക്കുകയുമാണ്.
ഈ വിജയഗാഥയുടെ തുടര്‍ച്ചയെന്നോണം തുറമുഖ വികസനത്തിന്‍റെ തുടര്‍ ഘട്ടങ്ങള്‍ അതിവേഗം നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തുറമുഖം രണ്ടാം ഘട്ടത്തില്‍ തുറമുഖ ശേഷി 10 ലക്ഷം ടി.ഇ.യു-വില്‍ നിന്ന് 50 ലക്ഷം ടി.ഇ.യു വരെ ആയി ഉയരും. ബെര്‍ത്ത് 800 മീറ്ററില്‍ നിന്ന് 2000 മീറ്റര്‍ ആയി വികസിപ്പിക്കും. ബ്രേക്ക് വാട്ടര്‍ 3 കിലോമീറ്ററില്‍ നിന്ന് 4 കിലോമീറ്റര്‍ ആയി വികസിപ്പിക്കും.
മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് രണ്ടാംഘട്ടത്തിലെ ആകെ നിക്ഷേപം 9700 കോടി രൂപയാണ്
രണ്ടാംഘട്ട വികസനം പൂര്‍ത്തിയാകുമ്പോള്‍ വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്നറുകള്‍ എത്തിക്കാനും ഇവിടെ നിന്നു കണ്ടെയ്നറുകള്‍ കയറ്റുമതി ചെയ്യാനും കഴിയും. റോഡ് മാര്‍ഗമുള്ള കണ്ടെയ്നര്‍ നീക്കവും സാധ്യമാവും.
ക്രൂസ് ടെര്‍മിനല്‍ കൂടി വരുന്നതോടെ വന്‍കിട യാത്രാ കപ്പലുകള്‍ക്കും വിഴിഞ്ഞത്ത് അടുക്കാനാകും. കേരളത്തിലെ വിനോദസഞ്ചാര രംഗത്ത് വലിയ കുതിപ്പേകുന്നതിനൊപ്പം സാമ്പത്തിക വളര്‍ച്ചയ്ക്കും വഴിയൊരുങ്ങും.
രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്ന ലിക്വിഡ് ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ വന്‍ കപ്പലുകള്‍ക്ക് ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ ഇന്ധനം നിറയ്ക്കാന്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്താം. നിലവില്‍ വമ്പന്‍ തുറമുഖങ്ങളില്‍ മാത്രമേ ഈ സൗകര്യമുള്ളൂ. ഇത് സംസ്ഥാനത്തിന്‍റെ നികുതി വരുമാനത്തെ കാര്യമായി സഹായിക്കും.
തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടയില്‍ രാജ്യാന്തര കപ്പല്‍ പാതയ്ക്കു സമീപത്തുനിന്ന് ഇന്ധനം നിറയ്ക്കാന്‍ സൗകര്യമുള്ളതിനാല്‍ കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്തെ ആശ്രയിക്കും.






