
ന്യൂഡൽഹി: എന്‍പിഎസില്‍ തുടരാവുന്ന പരമാവധി പ്രായം 85 വയസ്സായി ഉയര്‍ത്തി. പെന്‍ഷന്‍ ലഭിക്കാനുള്ള ആന്വിറ്റിയില്‍ നിക്ഷേപിക്കുന്നതിന്റെ കുറഞ്ഞ പരിധി മൊത്തം നിക്ഷേപത്തിന്റെ 20 ശതമാനമായി കുറയ്ക്കുകയും ചെയ്തു.
മൊത്തം നിക്ഷേപം എട്ട് ലക്ഷം രൂപയോ അതിന് താഴെയോ ആണെങ്കില്‍ മുഴുവന്‍ തുകയും ഒറ്റത്തവണയായി പിന്‍വലിക്കുകയും ചെയ്യാം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) വിജ്ഞാപനമിറക്കി.
വിശദമായി അറിയാം
85 വയസ്സുവരെ തുടരാം
എന്‍പിഎസില്‍ നിക്ഷേപം തുടരാവുന്ന പരമാവധി പ്രായപരിധി 75 വയസ്സില്‍ നിന്ന് 85 വയസ്സായി ഉയര്‍ത്തി. ഇതുപ്രകാരം താത്പര്യമുള്ളവര്‍ക്ക് 85 വയസ്സുവരെ നിക്ഷേപം തുടരാനും അതിനുശേഷം മൊത്തമായോ ഘട്ടംഘട്ടമായോ പണം പിന്‍വലിക്കാനും സാധിക്കും. പുതിയ വ്യവസ്ഥ സര്‍ക്കാര്‍, സര്‍ക്കാരിതര വരിക്കാര്‍ക്ക് ഒരുപോലെ ബാധകമാണ്.
ആന്വിറ്റി തുക 20% ആയി കുറച്ചു
സര്‍ക്കാരിതര മേഖലയിലെ വരിക്കാര്‍ക്ക് ഇതുവരെ നിര്‍ബന്ധമായും മൊത്തം നിക്ഷേപത്തിന്റെ 40 ശതമാനം തുക പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കണമായിരുന്നു. ഈ പരിധി 20 ശതമാനമായി കുറച്ചത് നിക്ഷേപകര്‍ക്ക് നേട്ടമായി.
ഇനി മുതല്‍ വിരമിക്കല്‍ പ്രായമെത്തുമ്പോള്‍ മൊത്തം നിക്ഷേപത്തിന്റെ 20 ശതമാനം തുക അതിനായി ചെലവഴിച്ചാല്‍ മതിയാകും. പെന്‍ഷന്‍ പ്ലാനുകളിലെ കുറഞ്ഞ ആദായത്തില്‍നിന്ന് മറികടക്കാനും മികച്ച പദ്ധതികളില്‍ നിക്ഷേപിക്കാനുമുള്ള അവസരം ഇതിലൂടെ ലഭിക്കും.
എട്ട് ലക്ഷത്തിന് താഴെയാണെങ്കില്‍
മൊത്തം നിക്ഷേപം എട്ട് ലക്ഷം രൂപയ്ക്ക് താഴെയാണെങ്കില്‍ മുഴുവന്‍ തുകയും പിന്‍വലിക്കാം. സര്‍ക്കാരിതര വരിക്കാര്‍ക്കാണ് ഇതിന് കഴിയുക. സര്‍ക്കാര്‍ വരിക്കാര്‍ക്ക് വിരമിക്കല്‍ കോര്‍പ്പസിന്റെ കുറഞ്ഞത് 40% ഉപയോഗിച്ച് ആന്വിറ്റി വാങ്ങേണ്ടിവരും.
ഘട്ടംഘട്ടമായി പിന്‍വലിക്കാം
എന്‍പിഎസിലെ നിക്ഷേപം ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിനുള്ള പുതിയ പദ്ധതി അവതരിപ്പിച്ചു. ‘സിസ്റ്റമാറ്റിക് യൂണിറ്റ് റിഡംപ്ഷന്‍’ പ്രകാരം വ്യവസ്ഥാപിതമായി യൂണിറ്റുകള്‍ പിന്‍വലിക്കാം. ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നവര്‍ കുറഞ്ഞത് ആറ് വര്‍ഷത്തേക്കെങ്കിലും യൂണിറ്റുകള്‍ പിന്‍വലിക്കേണ്ടതുണ്ട്.
പൗരത്വം ഉപേക്ഷിച്ചാല്‍
എന്‍പിഎസ് നിക്ഷേപകന്‍ പൗരത്വം ഉപേക്ഷിച്ചാല്‍ പെന്‍ഷന്‍ അക്കൗണ്ട് അവസാനിപ്പിച്ച് മുഴുവന്‍ തുകയും തിരികെയെടുക്കാന്‍ അനുവദിക്കും.






