
ബെയ്ജിങ്: ചൈനയിൽ കടുത്ത സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നുസമ്മതിച്ച് രാജ്യം ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം.
ചൈനീസ് ഉത്പന്നങ്ങളടെ ആവശ്യകതയിൽ വന്ന കുറവും ആഗോള സാഹചര്യങ്ങളുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി നേരിടാൻ സാമ്പത്തിക നയങ്ങളിൽ മാറ്റംവരുത്തിയേക്കും.
ജൂലായിൽ നടക്കുന്ന പാർട്ടി പ്ലീനം ഇതിനെക്കുറിച്ച് ചർച്ചചെയ്യും. കഴിഞ്ഞ ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന പ്ലീനം സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് വൈകിയതെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.
പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അധ്യക്ഷതയിൽ നടന്ന 24 അംഗ പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പരാമർശമുണ്ടായതെന്നാണ് റിപ്പോർട്ട്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികശക്തിയാണ് ചൈന.
കോവിഡ് മഹാമാരിയും റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയുമാണ് ചൈനയുടെ സാമ്പത്തികവളർച്ചയെ പിന്നോട്ടടിച്ചത്.