
പൊതുമേഖലാ കപ്പൽ നിർമ്മാണ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ഈ ആഴ്‌ച അവരുടെ 2025-26 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദ (Q2FY26) ഫലങ്ങൾ പുറത്തുവിടും.
കമ്പനിയുടെ രണ്ടാം പാദത്തിലെയും ആറുമാസത്തെയും ഏകീകൃത, സ്റ്റാൻഡലോൺ സാമ്പത്തിക ഫലങ്ങൾ പരിഗണിക്കുന്നതിനായി ഇന്ന് ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ യോഗം ചേരും. ഈ യോഗത്തിൽ, 2025-26 സാമ്പത്തിക വർഷത്തേക്ക് ഓഹരി ഉടമകൾക്ക് ഇടക്കാല ലാഭവിഹിതം (Interim Dividend) പ്രഖ്യാപിക്കുന്നതിനുള്ള ശുപാർശയും പരിഗണിക്കും.
ഇൻസൈഡർ ട്രേഡിംഗ് തടയുന്നതിനുള്ള സെബി (SEBI) നിയമങ്ങൾ അനുസരിച്ച്, ഒക്ടോബർ 1 മുതൽ തുടങ്ങിയ ട്രേഡിംഗ് വിൻഡോ ക്ലോഷർ, ഇന്ന് ഫലപ്രഖ്യാപനം കഴിഞ്ഞ് 48 മണിക്കൂർ വരെ തുടരും.
ഒന്നാം പാദത്തിൽ (Q1FY26) കൊച്ചിൻ ഷിപ്പ്‌യാർഡ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രവർത്തന വരുമാനം മുൻവർഷത്തെ (Q1FY25) 771.47 കോടി രൂപയിൽ നിന്ന് 1,068.59 കോടി രൂപയായി വർധിച്ചു. ലാഭം 174.23 കോടി രൂപയിൽ നിന്ന് 187.83 കോടി രൂപയായി വർധിച്ചു. നികുതിക്ക് മുമ്പുളള ലാഭം (EBITDA) 241.3 കോടി രൂപയും എബിറ്റാ മാർജിൻ 22.5 ശതമാനവുമായിരുന്നു.
പ്രതിരോധ മേഖലയിലെ പ്രധാന ഓഹരി എന്ന നിലയിൽ CSL ഓഹരികൾ കഴിഞ്ഞ ഒരു വർഷമായി മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി വില 26.32 ശതമാനമാണ് വർദ്ധിച്ചത്. 15.73 ശതമാനം നേട്ടമാണ് ആറുമാസം കൊണ്ട് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്.
ഇന്നത്തെ ബോർഡ് യോഗത്തിൽ ഉണ്ടാകുന്ന സാമ്പത്തിക ഫലങ്ങളും ഡിവിഡന്റ് പ്രഖ്യാപനവും കമ്പനിയുടെ ഓഹരി വിലയിൽ നിർണായക സ്വാധീനമായിരിക്കും ചെലുത്തുക.
കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി ഇന്നലെ (ചൊവ്വാഴ്ച) ഒരു ശതമാനത്തിലധികം ഉയര്‍ന്ന് 1,779 രൂപയിലാണ് വ്യാപാരം നടന്നത്.






