
കൊച്ചി: രാജ്യത്തെ മികച്ച ഹരിത ഗതാഗത പദ്ധതികൾ നടപ്പാക്കിയ നഗരത്തിനുളള പുരസ്കാരം സ്വന്തമാക്കി കൊച്ചി. ഹരിത ഗതാഗത രംഗത്ത് നഗരം കൈവരിച്ച മുന്നേറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ഭവന–നഗരകാര്യ വകുപ്പ് ഈ അംഗീകാരം നൽകിയത്. ഈ അംഗീകാരം കൂടുതൽ നിക്ഷേപകരെയും വിനോദസഞ്ചാരികളെയും നഗരത്തിലേക്ക് ആകർഷിക്കാൻ സഹായകമാകുമെന്ന് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് എന്നിവയുടെ സംയുക്ത ശ്രമഫലമായ മെഗാ ഗ്രീൻ എനർജി പ്രോജക്റ്റ്സ് പവറിംഗ് കൊച്ചിയുടെ ട്രാൻസ്‌പോർട്ട് സെക്ടർ എന്ന പദ്ധതിയിലൂടെയാണ് നഗരം ഈ നേട്ടം കൈവരിച്ചത്. വായു, കര, റെയിൽ, ജലം എന്നീ നാല് സംഘടിത ഗതാഗത സംവിധാനങ്ങളും ഹരിത ഊർജത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന രാജ്യത്തിലെ ഏക നഗരമാണ് കൊച്ചി. ഈ സവിശേഷതയാണ് നഗരത്തെ ദേശീയ തലത്തിൽ മികച്ച ഹരിത ഗതാഗത മാതൃകയായി ഉയർത്തിക്കാണിക്കുന്നത്.
നഗരത്തിലെ ഗതാഗത മേഖലയുടെ ഹരിതവത്കരണത്തിൽ ഓരോ ഘടകവും നിർണായക പങ്കുവഹിക്കുന്നുണ്ട്. കൊച്ചി മെട്രോ തങ്ങളുടെ ഊർജാവശ്യങ്ങളുടെ 53 ശതമാനം സോളാർ വൈദ്യുതിയിലൂടെയാണ് നിറവേറ്റുന്നത്. 2028-ഓടെ ആവശ്യമായ മുഴുവൻ വൈദ്യുതിയും സ്വന്തം സോളാർ ഉത്പാദനത്തിലൂടെ നേടുകയെന്നതാണ് ലക്ഷ്യം. സോളാർ പാനലുകൾ വഴി ഇപ്പോൾ 11.33 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. മെട്രോ സ്റ്റേഷനുകളുടെയും പാതകളുടെയും മുകളിലായി സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലുകൾ വഴി പ്രതിവർഷം 13,000 ടണ്ണിലധികം കാർബൺ ബഹിർഗമനം കുറയ്ക്കുന്നുണ്ട്. ഇത് അഞ്ച് ലക്ഷം വൃക്ഷങ്ങൾ നട്ടതിന് തുല്യമാണ്. കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസുകളും ഇ–ഓട്ടോകളും വാട്ടർ മെട്രോയുടെ ഇലക്ട്രിക് ബോട്ടുകളും നഗരത്തിന്റെ കണക്റ്റിവിറ്റിയെ കൂടുതൽ ശുദ്ധവും സുരക്ഷിതവുമായതാക്കി. ഇതിലൂടെ നഗര ഗതാഗതത്തിന്റെ ഹരിത രൂപാന്തരണം കൂടുതൽ മെച്ചപ്പെട്ടു.
ലോകത്തിലെ ആദ്യമായി പൂർണമായും സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും നഗരത്തിന്റെ ഹരിത ഊർജ വികസനത്തിന് വലിയ കരുത്താണ്. സോളാർ–ഹൈഡ്രോ സംയോജനത്തിലൂടെ വിമാനംത്താവളം 55 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇതിൽ കോഴിക്കോട് അരിപ്പാറയിലെ 4.5 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയും ഉൾപ്പെടുന്നു. മെട്രോയുടെയും വിമാനത്താവളത്തിന്റെയും സംയുക്ത ഉത്പാദനമായ 66.33 മെഗാവാട്ട് ഹരിത ഊർജം വർഷത്തിൽ 62,000 ടണ്ണിലധികം കാർബൺ ബഹിർഗമനം കുറയ്ക്കുന്നു. കൊച്ചിയെ കൂടുതൽ ശുചിത്വവും ഹരിതവുമായ നഗരമാക്കി മാറ്റുന്നതിൽ നാട്ടുകാരുടെ കൂട്ടായ പരിശ്രമമാണ് നിർണായകമെന്ന് അധികൃതർ വ്യക്തമാക്കി.
കൊച്ചി മെട്രോ നടപ്പാക്കിയ വൻതോതിലുള്ള വൃക്ഷതൈ നടീൽ, ട്രെയിൻ വാഷിംഗിന് ഉപയോഗിക്കുന്ന ജലത്തിന്റെ 80% പുനഃചക്രണം ചെയ്യുന്ന സംവിധാനം, സ്റ്റേഷനുകളിലെ ജൈവ മാലിന്യ സംസ്കരണ യൂണിറ്റുകൾ എന്നിവ ഹരിത നഗര ലക്ഷ്യങ്ങൾക്കും നഗരത്തിലെ പരിസ്ഥിതി ഗുണനിലവാരത്തിനും വലിയ പിന്തുണയാണ് നൽകുന്നത്. അതുപോലെ, സിയാൽ സോളാർ പാനലുകളുടെ കീഴിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചതും, പേയന്നൂരിൽ ഭൂമിയുടെ ഉപയോഗക്ഷമതയും ഊർജോത്പാദനവും വർധിപ്പിക്കും വിധത്തിലുളള പ്രത്യേക സോളാർ സജ്ജീകരണങ്ങൾ സ്ഥാപിച്ചതും നഗരത്തിന്റെ ഹരിതനയത്തിന് കൂടുതൽ വിശ്വാസ്യത നൽകി. കൊച്ചി മെട്രോ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി വാട്ടർ മെട്രോ എന്നിവയുടെ സംയുക്തമായ ഈ ഹരിത സംരംഭങ്ങളാണ് നഗരത്തിന്റെ സുസ്ഥിര വളർച്ചയ്ക്കുള്ള ദേശീയ അംഗീകാരത്തിന് അർഹമാക്കിയത്.






