
നെടുമ്പാശേരി: മലയാളികളുടെ ആകാശ സ്വപ്നങ്ങൾക്ക് നിറമേകിയ കൊച്ചി രാജ്യാന്തര വിമാനത്താവളം 25ാം പ്രവർത്തന വർഷത്തിലേക്ക്. രണ്ടു പൂവ് നെല്ലു വിളഞ്ഞിരുന്ന പാടശേഖരം രാജ്യാന്തര വ്യോമയാന ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമായി മാറിയിട്ട് ഇന്ന് 24 വർഷം പൂർത്തിയാകുന്നു.
25ാം വർഷത്തിൽ 1000 കോടി രൂപയുടെ വികസന പദ്ധതികളാണു നടപ്പാക്കുക.
പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് ആദ്യമായി നിർമിച്ച (ഗ്രീൻഫീൽഡ്) വിമാനത്താവളമാണ് നെടുമ്പാശേരിയിലേത്. 1994 മാർച്ച് 30ന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) റജിസ്റ്റർ ചെയ്തു.
1300 ഏക്കറിൽ നിർമിച്ച വിമാനത്താവളം 1999 മേയ് 25ന് അന്നത്തെ രാഷ്ട്രപതി കെ.ആർനാരായണൻ രാജ്യത്തിന് സമർപ്പിച്ചു. ജൂൺ 10ന് ആദ്യ വാണിജ്യ വിമാനമിറങ്ങി. ജൂലൈ ആദ്യവാരത്തോടെ നാവിക വിമാനത്താവളത്തിൽ നിന്നുള്ള മുഴുവൻ വാണിജ്യ സർവീസുകളും നെടുമ്പാശേരിയിലേക്ക് മാറ്റി.
നിലവിൽ 15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള രാജ്യാന്തര ടെർമിനൽ, 6 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആഭ്യന്തര ടെർമിനൽ, ബിസിനസ് ജെറ്റ് വിമാനങ്ങൾക്കായി പ്രത്യേക ജെറ്റ് ടെർമിനൽ, 35000 ചതുരശ്ര അടി വിസ്തീർണമുള്ള പ്രത്യേക വിവിഐപി ലൗഞ്ച്, വിദേശ, ആഭ്യന്തര കാർഗോ കൈകാര്യം ചെയ്യുന്നതിനായി കാർഗോ ടെർമിനലുകൾ എന്നിവയുണ്ട്.
2018ൽ യാത്രക്കാരുടെ എണ്ണം 1 കോടി പിന്നിട്ടെങ്കിലും കോവിഡ് വ്യാപനത്തിൽ 29 ലക്ഷമായി ചുരുങ്ങി. എന്നാൽ, 2022–23ൽ എണ്ണം 89.28 ലക്ഷമായി. വർഷാവസാനത്തോടെ യാത്രക്കാരുടെ എണ്ണം വീണ്ടും ഒരു കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്.
ഈ വർഷം അവസാനത്തോടെ വിമാനസർവീസുകളുടെ എണ്ണം 70000 ആകും. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമെന്ന ഖ്യാതിയാണു സിയാലിനെ വേറിട്ടു നിർത്തുന്നത്.
പുതിയ വികസന പദ്ധതികളിൽ പ്രധാനം 425 കോടി രൂപ ചെലവു കണക്കാക്കുന്ന രാജ്യാന്തര ടെർമിനലിന്റെ വിപുലീകരണമാണ്.
പഞ്ചനക്ഷത്ര ഹോട്ടൽ, ട്രാൻസിറ്റ് ഹോട്ടൽ, രാജ്യാന്തര കാർഗോ ടെർമിനൽ, ഗോൾഫ് ടൂറിസം പദ്ധതി, വാണിജ്യ മേഖല എന്നിവ ഈ വർഷം പൂർത്തിയാകുന്നതും ആരംഭം കുറിക്കുന്നതുമായ പദ്ധതികളാണ്.