ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

അദ്ഭുതബാറ്ററിയുമായി ലോകത്തെ ഞെട്ടിക്കാൻ ചൈന; 10 മിനിറ്റിൽ ഫുൾ ചാർജും 1000 കിമീ റേഞ്ചും ലഭിക്കുമെന്ന് അവകാശവാദം

റ്റ ചാര്‍ജില്‍ 1000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ബാറ്ററി നിർമിച്ച് ചൈനീസ് ബാറ്ററി നിർമാണ കമ്പനി. കണ്ടംപററി അപറക്‌സ് ടെക്‌നോളജി കോ ലിമിറ്റഡ് (CATL) എന്ന, ചൈനയിലെ വാഹനങ്ങളിലെ ലിഥിയം അയണ്‍ ബാറ്ററി നിർമാണരംഗത്തെ മുന്‍നിര കമ്പനിക്കാണ് നേട്ടം. അടുത്ത വര്‍ഷം തന്നെ ഈ ബാറ്ററി വൻതോതിൽ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ചൈനീസ് പുരാണകഥകളിലെ കഥാപാത്രമായ ക്വിലിന്റെ പേരാണ് ഈ ബാറ്ററിക്കു നല്‍കിയിരിക്കുന്നത്. ചൈനീസ് വിശ്വാസ പ്രകാരം രാജാക്കന്മാരുടെ ജനനസമയത്തും മരണ സമയത്തുമാണ് ക്വിലിന്‍ പ്രത്യക്ഷപ്പെടാറ്. ബാറ്ററിക്ക് 255 വാട്ട് അവര്‍ കിലോഗ്രാം ഊര്‍ജസാന്ദ്രതയാണുള്ളത്. മൂന്നാം തലമുറയില്‍ പെട്ട സെല്‍ ടു പാക്ക് (CTP) സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. സെല്ലുകളെ മൊഡ്യൂളുകളാക്കാതെ നേരിട്ട് ബാറ്ററി പാക്കില്‍ സ്ഥാപിച്ചാണ് ഇവര്‍ ഊര്‍ജസാന്ദ്രത വര്‍ധിപ്പിച്ചത്.
സിടിപി സാങ്കേതികവിദ്യ ഉപയോഗിച്ചതോടെ ബാറ്ററിയുടെ ഊര്‍ജസാന്ദ്രത വര്‍ധിക്കുകയും നിർമാണം ലളിതമാവുകയും ചെലവ് കുറയുകയും ചെയ്തു. അതിനൊപ്പം, കൂടിയ സര്‍വീസ് ലൈഫും ഉയര്‍ന്ന സുരക്ഷയും വേഗത്തിലുള്ള ചാര്‍ജിങ്ങും കുറഞ്ഞ താപനിലയിലെ മികച്ച പ്രകടനവും സിടിപി 3.0 സാങ്കേതികവിദ്യ വഴി ലഭിച്ചു.
പുതിയ ബാറ്ററിയില്‍ താപനില കൂടുതല്‍ കാര്യക്ഷമമായി ക്രമീകരിക്കാനും സാധിക്കുന്നുണ്ട്. ഇതുവഴിയാണ് ബാറ്ററിയുടെ സുരക്ഷ വര്‍ധിച്ചത്. വളരെ ഉയര്‍ന്ന താപനിലയിലൂടെ കടന്നു പോകേണ്ടി വന്നാലും വേഗം തണുക്കാനും ഈ ബാറ്ററിക്കാവും. ഇതും ബാറ്ററിയുടെയും വാഹനത്തിന്റെയും സുരക്ഷ വര്‍ധിപ്പിക്കുന്നു. ഫാസ്റ്റ് മോഡില്‍ വെറും പത്തു മിനിറ്റ് കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകുമെന്നതാണ് ഈ ചൈനീസ് ബാറ്ററിയുടെ മറ്റൊരു പ്രത്യേകത.
ലോകത്തിലെ ഏറ്റവും വലിയ വൈദ്യുതി വാഹന നിർമാണ കമ്പനിയായ ടെസ്‌ല ലക്ഷ്യമിടുന്ന ബാറ്ററിയേക്കാള്‍ 13 ശതമാനം കൂടുതല്‍ ശേഷിയുണ്ട് തങ്ങളുടെ ബാറ്ററിക്കെന്നാണ് സിഎടിഎൽ അവകാശവാദം. നിലവില്‍ ടെസ്‌ലയ്ക്കു വേണ്ടി ബാറ്ററി നിർമിച്ചു നല്‍കുന്നുണ്ട് സിഎടിഎൽ. ടെസ്‌ലയ്ക്കു പുറമേ ഫോക്‌സ്‌വാഗണ്‍, ബിഎംഡബ്ല്യു പോലുള്ള മുന്‍ നിര കമ്പനികള്‍ക്ക് വേണ്ടിയും സിഎടിഎൽ ബാറ്ററി വിതരണം ചെയ്യുന്നുണ്ട്.
ചൈനയിലെ നാലു നഗരങ്ങളിലായിട്ടാണ് സിഎടിഎൽ ലിഥിയം അയണ്‍ ബാറ്ററി നിർമാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. ഇതിനുവേണ്ടി 45 ബില്യൻ യുവാന്‍ (52,425 കോടിയോളം രൂപ) സമാഹരിച്ചിരുന്നു. ലോകത്തെ തന്നെ മുന്‍നിര വൈദ്യുതി ബാറ്ററി നിർമാണ കമ്പനിയായിട്ടു കൂടി ലാഭത്തിലെത്താന്‍ ബുദ്ധിമുട്ടുകയാണ് സിഎടിഎൽ. ബാറ്ററി നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആദ്യപാദ വരുമാനത്തില്‍ അവര്‍ക്ക് 24 ശതമാനത്തിന്റെ ഇടിവ് നേരിട്ടിരുന്നു. പുതിയ ബാറ്ററിയുടെ വരവ് സിഎടിഎലിന് പുത്തനുണര്‍വാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

X
Top