
ബെയ്ജിങ്: യുദ്ധത്തിന്റെ അലകൾ നീങ്ങുന്നതോടെ പശ്ചിമേഷ്യയിൽ ചൈന ഒരു പ്രധാന സാമ്പത്തികശക്തിയായി തുടരുമെന്ന് വിദഗ്ധർ. അതേസമയം ചൈന ഇറാന് നൽകുന്ന സാമ്പത്തിക പിന്തുണ പരിമിതപ്പെട്ടതായും റിപ്പോർട്ടുകൾ സൂചന നൽകുന്നു.
ഇറാന്റെ ഏറ്റവും വലിയ നയതന്ത്ര സഖ്യകക്ഷികളിൽ ഒന്നായി തുടരുമ്പോഴും ഗൾഫിലെ ചൈനീസ് മൂലധനത്തിന്റെ ഭീമമായ സാന്നിധ്യമാണ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ പിന്തുണ ഇറാനിൽനിന്ന് തെന്നിമാറിയിരിക്കുന്നതിന് പിന്നിൽ.
കോവിഡ് വ്യാപനത്തിനുശേഷം പശ്ചിമേഷ്യയിൽ ചൈന നിക്ഷേപം വർദ്ധിപ്പിച്ചു. കോവിഡിനെ തുടർന്നുള്ള കാലത്ത് ഗൾഫ് മേഖലയിലെ നിക്ഷേപകർ എണ്ണവിപണിയ്ക്കുപരിയായി ഗ്രീൻ ടെക്നോളജിയിലേക്കും ടൂറിസത്തിലേക്കും വൈവിധ്യവൽക്കരിക്കാൻ ശ്രമിച്ചപ്പോൾ മാന്ദ്യത്താൽ വലഞ്ഞിരുന്ന തങ്ങൾക്ക് അനുയോജ്യമായ മേഖലയിലേക്ക് ചൈനീസ് കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിച്ചു.
സാംബിയ, ശ്രീലങ്ക പോലുള്ള വികസ്വര രാജ്യങ്ങൾ കടബാധ്യതയിലായതിനാൽ എണ്ണ ശേഖരമുള്ള രാജ്യങ്ങൾ ചൈനയ്ക്ക് ആകർഷകമായ ഓപ്ഷനായി മാറി.
ഈ തന്ത്രം സമീപ വർഷങ്ങളിൽ പശ്ചിമേഷ്യയിൽ ചൈനീസ് നിക്ഷേപത്തിന്റെയും നിർമ്മാണത്തിന്റെയും വളർച്ച ഏറ്റവും വേഗതയേറിയതാക്കി, ഷിയുടെ പ്രധാന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ പ്രധാന ഗുണഭോക്താവായി പശ്ചിമേഷ്യയെ മാറ്റി. ഈ മേഖലയിൽ ഒരു ധനകാര്യകേന്ദ്രം എന്ന നിലയിൽ ചൈന യുഎസിനെ മറികടക്കുന്നു.
2014 നും 2023 നും ഇടയിൽ പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് യുഎസ് വായ്പയായി നൽകിയ ഓരോ ഡോളറിനും ചൈന ഏകദേശം 2.34 ഡോളറാണ് നൽകിയത്, അതായത് യുഎസ് നൽകിയതിന്റെ ഇരട്ടിയിലധികം ധനസഹായമാണ് ചൈന അനുവദിച്ചത്.
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ചൈന മിഡിൽ ഈസ്റ്റിൽ ഏകദേശം 270 ബില്യൺ ഡോളർ നിക്ഷേപിക്കുകയും നിർമ്മാണ പ്രോജക്റ്റുകൾ പൂർത്തിയാക്കുകയും ചെയ്തതായി അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചൈന ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് ട്രാക്കർ വ്യക്തമാക്കുന്നു.
‘ഗൾഫിൽ ചൈനയുടെ പങ്കാളിത്തം ഉയർന്നതാണ്. ചൈന ഇപ്പോൾ ഇറാനെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കേണ്ടതുണ്ട്, അതേസമയം ഗൾഫ് രാജ്യങ്ങൾക്ക് അവരുമായി സഹകരണം തുടരുമെന്ന് ഉറപ്പ് നൽകണം.’ ദ ഏഷ്യ ഗ്രൂപ്പിന്റെ ഗ്രേറ്റർ ചൈന പ്രാക്ടീസ് പങ്കാളിയായ ജോർജ്ജ് ചെൻ പറഞ്ഞു. ‘ദീർഘകാലാടിസ്ഥാനത്തിൽ, ഗൾഫിലെ പല ആസ്തികളുടെയും വില കുറഞ്ഞതിനാൽ, ചൈനയ്ക്ക് ഗൾഫിലെ നിക്ഷേപം വർദ്ധിപ്പിക്കാൻ ഇത് ഒരു അവസരമായി മാറിയേക്കാം,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭയിലെ ചൈനയുടെ പ്രതിനിധി ഫു കോങ് ഈ ആഴ്ച ഒരു പോസ്റ്റിൽ യുദ്ധത്തിൽ ഇരുപക്ഷത്തിന്റെയും കാഴ്ചപ്പാടുകൾ സന്തുലിതമാക്കാനുള്ള ചൈനയുടെ ആഗ്രഹം വിശദീകരിച്ചു.
അമേരിക്കൻ, ഇസ്രയേൽ ആക്രമണങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് ഫു കോങ് കുറിച്ചു, അതേസമയം കപ്പൽപ്പാതകളും ഊർജ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് ഇറാനെതിരെയുള്ള പരോക്ഷ വിമർശനമായിരുന്നുവെന്നാണ് വിലയിരുത്തൽ.
ചൈനീസ് പ്രോജക്റ്റുകൾക്കുനേരെ ഇറാന്‍റെ ആക്രമണം ഉണ്ടായി. ദുബായ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലെ ചൈനീസ് ധനസഹായത്തോടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറഞ്ഞത് മൂന്ന് ആസ്തികളെങ്കിലും ഇറാനിയൻ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇതുവരെ ബാധിച്ച പ്രോജക്റ്റുകൾ ഉൾപ്പെടെ ഏകദേശം 4.66 ബില്യൺ ഡോളറിന്റെ ധനസഹായങ്ങളാണ് ഇറാനിയൻ ആക്രമണങ്ങൾക്ക് വിധേയമായത്.
ഇറാനത്തിന് പുറത്ത് ചൈനീസ് തൊഴിലാളികൾക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആയിരക്കണക്കിന് ആളുകൾ യുദ്ധ മേഖലയിൽ ജോലി ചെയ്യുന്നു. ചൈനയുടെ ഔദ്യോഗിക വാർത്താഏജൻസിയായ സിൻഹുവയുടെ റിപ്പോർട്ട് പ്രകാരം, സംഘർഷം ആരംഭിക്കുന്നതിന് മുമ്പ്, ഏകദേശം 3,70,000 ചൈനീസ് പൗരന്മാർ യുഎഇ മാത്രം വിന്യസിക്കപ്പെട്ടിരുന്നു.
ആയിരത്തിലധികം പേരെ പശ്ചിമേഷ്യയിൽനിന്ന് ഇതിനകം ഒഴിപ്പിച്ചിട്ടുണ്ടെങ്കിലും പലരും അവിടെ തുടരുകയാണ്.
ഗൾഫ് രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധങ്ങളും സൗദി അറേബ്യയും ഇറാനുമായി ചൈനയുടെ സമാധാനസ്ഥാപനവും പ്രധാന സംഭവം ആയി. ഇത് ഷിയുടെ ഈ മേഖലയിലെ വളരുന്ന സ്വാധീനത്തിന്റെ സൂചനയായി വ്യാപകമായി പ്രശംസിക്കപ്പെട്ടു.
അതിനുശേഷം, പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം ഉയർന്നപ്പോൾ ചൈന വിട്ടുനിൽക്കുന്നതായി കാണപ്പെട്ടു. 2023 ഒക്ടോബറിലെ ഇസ്രയേലിനെതിരെയുള്ള ഹമാസ് ആക്രമണവും അതിനെത്തുടർന്നുണ്ടായസംഘർഷ വർദ്ധനവും ചൈനയുടെ സ്വാധീനത്തിന്റെ പരിമിതികൾ വെളിപ്പെടുത്തി. ശാന്തതയ്ക്ക് വേണ്ടിയുള്ള ആഹ്വാനങ്ങളിൽ ചൈന ഒതുങ്ങി, ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇഷ്ടപ്പെട്ടു.
പശ്ചിമേഷ്യയിൽ സാഹചര്യം മാറുമ്പോൾ ചൈനയ്ക്ക് ദീർഘകാലത്തേക്ക് അവസരങ്ങൾ ഉണ്ടാകാം. അമേരിക്കൻ സഖ്യകക്ഷികൾക്കെതിരെ ഇറാൻ നടത്തിയ തിരിച്ചടി അമേരിക്കയുടെ മേലുള്ള വിശ്വാസ്യതയെ ബാധിച്ചു. ഇത് യുദ്ധാനന്തരം ചൈനയ്ക്ക് കൂടുതൽ വലിയ സാമ്പത്തികപങ്ക് വഹിക്കാൻ അവസരം നൽകുന്നു.
ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്നതിനുള്ള ചില പേയ്മെന്റുകൾ ചൈനീസ് കറൻസിയായ യുവാനിൽ സ്വീകരിക്കുന്നതായി റിപ്പോർട്ടുണ്ട്, ഇത് ചൈനീസ് കറൻസിക്ക് ഉത്തേജനം നൽകുന്നു. യുദ്ധം അവസാനിക്കുന്നതോടെ ചൈന ഒരു പ്രധാന സാമ്പത്തികശക്തിയായി തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.






