
മുംബൈ: അപൂര്‍വ്വ ഭൗമകാന്തങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുന്നതിന് നിബന്ധനകളുമായി ചൈന. ഇവ യുഎസിന് മറിച്ച് വില്‍ക്കില്ലെന്ന് ഇന്ത്യന്‍ കമ്പനികള്‍ രേഖാമൂലം ഉറപ്പുനല്‍കണം. എങ്കില്‍ മാത്രമേ ഇവ കൈമാറാന്‍ രാജ്യം തയ്യാറാകുകയുള്ളൂ.
യുഎസുമായി ഇക്കാര്യത്തില്‍ ചൈന വിലപേശല്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് ഡിമാന്റ്. ഇലക്ട്രിക് വാഹന മോട്ടോറുകള്‍, പുനരുപയോഗ ഊര്‍ജ്ജ സംവിധാനങ്ങള്‍, എയ്‌റോസ്‌പേസ് ഉപകരണങ്ങള്‍, നൂതന ഇലക്ട്രോണിക്‌സ് എന്നിവയില്‍ ഉപയോഗിക്കുന്ന ശക്തമായ ഘടകളാണ് അപൂര്‍വ്വ ഭൗമകാന്തങ്ങള്‍. ഇവയുടെ 90 ശതമാനം നിയന്ത്രണവും ചൈനയുടെ പക്കലാണ്.ഡിസ്‌പ്രോസിയം, ടെര്‍ബിയം തുടങ്ങിയ അപൂര്‍വ എര്‍ത്ത് മൂലകങ്ങള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് കാന്തിക ശക്തിയും താപ പ്രതിരോധവും വര്‍ദ്ധിപ്പിക്കുന്നു.
ഈ വസ്തുക്കള്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ എന്ന് ഇന്ത്യ ഉറപ്പ് നല്‍കണം. എങ്കില്‍ മാത്രമേ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഈ കാന്തങ്ങള്‍ നല്‍കൂ,ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഇതിനകം തന്നെ അന്തിമ ഉപയോക്തൃ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതായത് കൂട്ട നശീകരണ ആയുധങ്ങള്‍ നിര്‍മ്മിക്കാനോ പിന്തുണയ്ക്കാനോ കാന്തങ്ങള്‍ ഉപയോഗിക്കില്ലെന്ന ഉറപ്പ്. അതേസമയം വാസീനാര്‍ ക്രമീകരണത്തിന് കീഴിലുള്ളതിന് സമാനമായ അധിക കയറ്റുമതി നിയന്ത്രണ ഗ്യാരണ്ടികള്‍ ചൈന തേടുന്നു.
ഇന്ത്യയുള്‍പ്പെടെ 42 രാജ്യങ്ങള്‍ തമ്മിലുള്ള ഒരു അന്താരാഷ്ട്ര കരാറാണ് വാസീനാര്‍ അറേഞ്ച്മെന്റ്. ഇത് സിവിലിയന്‍, സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇരട്ട-ഉപയോഗ സാധനങ്ങളുടെയും സാങ്കേതികവിദ്യകളുടെയും കയറ്റുമതി സുതാര്യത പ്രോത്സാഹിപ്പിക്കുന്നു. ചൈന ഈ കരാറില്‍ അംഗമല്ല, പക്ഷേ അപൂര്‍വ എര്‍ത്ത് കാന്തങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ സമാനമായ പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.
വാസീനാര്‍ ശൈലിയിലുള്ള ഗ്യാരണ്ടികള്‍ക്കായുള്ള ചൈനയുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചിട്ടില്ല. കമ്പനികള്‍ അന്തിമ ഉപയോഗ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ടെങ്കിലും, യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള പുനര്‍-കയറ്റുമതി നിയന്ത്രിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാറിന് ഔപചാരിക പ്രതിബദ്ധതയില്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപൂര്‍വ ഭൗമ കാന്തങ്ങളുടെ കുറവ് ഇന്ത്യയുടെ ഇലക്ട്രിക് വാഹന വ്യവസായത്തെ ബാധിക്കുന്ന സമയത്താണ് പുതിയ സംഭവ വികാസങ്ങള്‍. മോട്ടോറുകള്‍, സ്പീഡ് സെന്‍സറുകള്‍, ഓട്ടോമാറ്റിക് ഗിയര്‍ സിസ്റ്റങ്ങള്‍ തുടങ്ങിയ പ്രധാന ഘടകങ്ങളിലാണ് ഇവ ഉപയോഗപ്പെടുത്തുന്നത്. ഷാങ് ഹായ് സഹകരണ ഉച്ചകോടിയ്ക്ക് ശേഷം ലൈറ്റ് റെയര്‍ എര്‍ത്ത് കാന്തങ്ങളുടെ കയറ്റുമതി പുനരാരംഭിച്ചെങ്കിലും, ഹെവി റെയര്‍ എര്‍ത്ത് കാന്തങ്ങളുടെ ഇന്ത്യയിലേയ്ക്കുള്ള കയറ്റുമതി ചൈന നിര്‍ത്തിവച്ചിരിക്കയാണ്.
ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ ഹെവി റെയര്‍ എര്‍ത്ത് ഘടകങ്ങള്‍ അടങ്ങിയിട്ടില്ലാത്ത ഇതര കാന്തങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. ഇതില്‍ ഫെറൈറ്റ് മാഗ്നറ്റുകളും ലൈറ്റ് റെയര്‍ എര്‍ത്ത് മാഗ്നറ്റുകളും ഉള്‍പ്പെടുന്നു. അവ കാര്യക്ഷമത കുറഞ്ഞതും വാഹന പ്രകടനം കുറയ്ക്കുന്നതുമാണ്. മുച്ചക്ര വാഹനങ്ങള്‍, കാറുകള്‍, ട്രക്കുകള്‍, ബസുകള്‍ തുടങ്ങിയ വലിയ ഇലക്ട്രിക് വാഹനങ്ങള്‍ക്ക്, ഹെവി റെയര്‍ എര്‍ത്ത് കാന്തങ്ങള്‍ അനിവാര്യമാണ്.