
ലണ്ടൻ: ലോകത്തെ ജനപ്രിയ സ്പോർട്സ് വിയർ കമ്പനിയായ പൂമയെ സ്വന്തമാക്കി ചൈന. 29.06 ശതമാനം ഓഹരിയാണ് ചൈനയുടെ ആൻഡ സ്പോർട്സ് കമ്പനി ഏറ്റെടുക്കുന്നത്. ഇതോടെ പൂമയുടെ ഭൂരിഭാഗം ഓഹരികളുടെ ഉടമയായി ആൻഡ സ്പോർട്സ് മാറും.
1.5 ബില്ല്യൻ യൂറോ അതായത് 16,534 കോടി രൂപയാണ് ആൻഡ നിക്ഷേപിക്കുക. ഒരു ഓഹരിക്ക് 35 യൂറോ നൽകും.
ഫ്രഞ്ച് ശതകോടീശ്വരന്മാരായ പിനോൾട്ട് കുടുംബത്തിന്റെ നിക്ഷേപ കമ്പനിയായ ആർട്ടെമിസിന് പൂമയിലുള്ള ഓഹരികളാണ് ആൻഡ ഏറ്റെടുക്കുക. ചൈനീസ് കമ്പനിയുടെ നീക്കത്തിന് പിന്നാലെ പൂമയുടെ ഓഹരി വില ഒമ്പത് ശതമാനത്തിലേറെ മൂന്നേറി.
യു.എസ് വിപണിയിൽ ബിസിനസ് വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പൂമയെ ആൻഡ സ്വന്തമാക്കുന്നത്. ഓഹരി ഏറ്റെടുക്കുന്ന കാര്യം ആൻഡ കഴിഞ്ഞ ദിവസം ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിക്കുകയായിരുന്നു. ഭാവിയിൽ കൂടുതൽ ഓഹരികൾ ഏറ്റെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് കമ്പനി അറിയിച്ചു.
നൈകി, അഡിഡാസ് തുടങ്ങിയ കമ്പനികളോട് മത്സരിക്കാൻ കഴിയാതെ പ്രതിസന്ധി നേരിടുന്നതിനിടെയാണ് ചൈനീസ് കമ്പനി ഏറ്റെടുക്കുന്നത്. മാത്രമല്ല, ന്യൂ ബാലൻസ്, ഓൺ ആൻഡ് ഹോക്ക തുടങ്ങിയ പുതിയ ബ്രാൻഡുകളിൽനിന്നും പൂമ കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. ചെലവ് വെട്ടിക്കുന്നതിന്റെ ഭാഗമായി ഈ വർഷം അവസാനത്തോടെ 900 തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കത്തിലാണ് കമ്പനി.
2007ൽ ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം തുടങ്ങിയ ശേഷം ആഗോള വിപണിയിൽ അതിവേഗ വളർച്ചയിലാണ് ആൻഡ. നിരവധി വിദേശ കമ്പനികളുടെ ഉത്പന്നങ്ങളാണ് ആൻഡ വിൽക്കുന്നത്. ദക്ഷിണ കൊറിയൻ കമ്പനിയായ ഫിലയുടെയും ജപ്പാന്റെ ഡിസെന്റെയുടെയും ഉത്പന്നങ്ങൾ ചൈനയിൽ വിൽക്കാനുള്ള അവകാശം ആൻഡക്കുണ്ട്.
1948ൽ റുഡോൾഫ് ഡാസ്‍ലർ സ്ഥാപിച്ച കമ്പനിയാണ് പൂമ. റുഡോൾഫ്, അഡോൾഫ് സഹോദരന്മാർ ചേർന്ന് നൂറ് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ജിഡ കമ്പനി തെറ്റിപ്പിരിഞ്ഞാണ് പൂമ, അഡിഡാസ് തുടങ്ങിയ രണ്ട് ബ്രാൻഡുകളായി മാറിയത്. രണ്ട് കമ്പനികളുടെയും ആസ്ഥാനം ബവേറിയൻ പട്ടണമായ ഹെർസോജെനൗറച്ചിലാണ് സ്ഥിതി ചെയ്യുന്നത്. മിക്ക നഗരങ്ങളിലും ശക്തമായ സാന്നിധ്യമുള്ള പൂമയിലൂടെ ചൈനീസ് കമ്പനി ഇന്ത്യൻ വിപണി പിടിച്ചെടുക്കുമെന്നാണ് സൂചന.
യു.എസ് വിപണിയിൽ ശക്തരാകുന്നതിന്റെ ഭാഗമായി അമേരിക്കൻ കമ്പനിയായ അമെർ സ്പോർട്സിനെ 2019ൽ ആൻഡ ഏറ്റെടുത്തിരുന്നു. തുടർന്ന് 2024ൽ യു.എസ് ഓഹരി വിപണിയിൽ വീണ്ടും വ്യാപാരം തുടങ്ങി. നിലവിൽ ആൻഡക്ക് 39 ശതമാനം ഓഹരിയാണ് അമെർ സ്പോർട്സിലുള്ളത്. മാത്രമല്ല, കഴിഞ്ഞ വർഷം ടോപ്ഗോൾഫ് കോൾഎവേ ബ്രാൻഡ്സിൽനിന്ന് ജാക് വോൾഫ്സ്കിൻ ബ്രാൻഡ്സിനെ ആൻഡ ഏറ്റെടുത്തു.





