
- ഉപരോധത്തിലും ചർച്ചകൾ തുടർന്ന് ഇന്ത്യ
ന്യൂഡൽഹി: ഇറാന്റെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖം വികസിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് അവസാനിച്ചുവെന്ന വാർത്തകൾ തള്ളി വിദേശകാര്യ മന്ത്രാലയം. തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കൻ ഉപരോധത്തിൽ നിന്നുള്ള ഇളവുകൾ സംബന്ധിച്ച് യുഎസ് അധികൃതരുമായി നിരന്തരം ചർച്ചകൾ നടത്തിവരികയാണെന്ന് ഇന്ത്യ വ്യക്തമാക്കി. നിലവിൽ 2026 ഏപ്രിൽ 26 വരെ ഈ പദ്ധതിക്ക് നിബന്ധനകളോടെയുള്ള ഉപരോധ ഇളവ് നിലവിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇന്ത്യയുടെ വിശദീകരണം.
ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യവും അമേരിക്കയിലേക്കുള്ള തങ്ങളുടെ കയറ്റുമതിയിൽ 25 ശതമാനം നികുതി നേരിടേണ്ടി വരുമെന്ന് ജനുവരി 12-ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇറാന്റെ ആണവ പദ്ധതികളെ നിയന്ത്രിക്കാനും മേഖലയിലെ സ്വാധീനം കുറയ്ക്കാനുമുള്ള അമേരിക്കയുടെ കടുത്ത നടപടിയുടെ ഭാഗമാണിത്. ഇതിൽ ആസ്തികൾ മരവിപ്പിക്കലും എണ്ണ കയറ്റുമതിയിലെ നിയന്ത്രണങ്ങളും ഉൾപ്പെടുന്നു.
2025 സെപ്റ്റംബർ 29-നാണ് അമേരിക്ക ചബഹാർ തുറമുഖത്തിന്മേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തിയത്. എന്നാൽ തുറമുഖത്തെ പ്രവർത്തനങ്ങൾ എങ്ങനെ കുറച്ചുകൊണ്ടുവരുമെന്നത് സംബന്ധിച്ച് ഇന്ത്യ സമർപ്പിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ ആറ് മാസത്തെ ഇളവ് അനുവദിക്കുകയായിരുന്നു.
2025 ഒക്ടോബർ 29-ന് ആരംഭിച്ച ഈ ഇളവ് ഈ വർഷം ഏപ്രിൽ 26 വരെ സാധുവാണെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാന്റെ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച് വിലയിരുത്തി.
മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ വ്യാപാര കവാടമായാണ് ചാബഹാർ തുറമുഖം കണക്കാക്കപ്പെടുന്നത്. ഇറാന്റെ ആണവ പദ്ധതികൾ തടയാൻ 2015-ലെ ആണവ കരാറിൽ നിന്ന് പിന്മാറിയ അമേരിക്ക, ഇറാനെതിരെ സാമ്പത്തിക ഉപരോധങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിലും അമേരിക്കയുമായി ചർച്ചകൾ നടത്തി ഇളവുകൾ നേടിയെടുത്ത് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ഇന്ത്യയുടെ തീരുമാനം.
ഉപരോധം നിലനിൽക്കുമ്പോഴും ചബഹാറിലെ ഇന്ത്യയുടെ റോളിൽ മാറ്റമില്ലെന്നും ക്രമീകരണങ്ങൾക്കായി അമേരിക്കയുമായി സമ്പർക്കം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.






