
ന്യൂഡല്‍ഹി: കമ്പനികള്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ലഘൂകരിക്കുന്നു. 2025-26 കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളാണ് ഇപ്പോള്‍ നിറവേറ്റുന്നത്.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് 2.0 പദ്ധതിയിലെ നിര്‍ദ്ദേശങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സാമ്പത്തികേതര മേഖലയെ സംബന്ധിക്കുന്ന നിയമങ്ങളും വിദേശ നിക്ഷേപത്തെ സംബന്ധിച്ച നിയമങ്ങളും ലഘൂകരിക്കും. ചെറിയ പിശകുകകള്‍ കുറ്റകരമല്ലാതാക്കാന്‍ ശ്രമിക്കുന്ന ജന്‍വിശ്വാസ് ബില്ലിന്റെ രണ്ടാംപതിപ്പും നടപ്പാക്കും.
നിയന്ത്രണ പരിഷ്‌ക്കാരങ്ങള്‍ക്കായി ഉന്നത സമിതി ഉടന്‍ നിലവില്‍ വരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. നിയന്ത്രണങ്ങള്‍ ലഘൂകരികുന്നത് വ്യവസായിക വത്ക്കരണം ത്വരിതപ്പെടുത്തും. പ്രത്യേകിച്ചും യുഎസ് ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തില്‍.
ഇലക്ട്രോണിക്സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ കയറ്റുമതികളെ നിലവില്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി നിലവില്‍ 25 ശതമാനം താരിഫ് നേരിടുന്നു. ഓഗസ്റ്റ് 27 ന് അധികമായി 25 ശതമാനം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.
2026 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ബിസിനസ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തികേതര സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കേഷനുകള്‍, ലൈസന്‍സുകള്‍, അനുമതികള്‍ എന്നിവ എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.






