
ന്യൂഡല്‍ഹി: കയറ്റുമതി പ്രോത്സാഹന പദ്ധതിയായ ആര്‍ഒഡിടിഇപി (കയറ്റുമതി ഉത്പന്ന തീരുവയും നികുതിയും ഒഴിവാക്കല്‍) 2026 മാര്‍ച്ച് വരെ നീട്ടിയിരിക്കയാണ് ഇന്ത്യ സര്‍ക്കാര്‍. വിവിധ തീരുവകള്‍ക്കും നികുതികള്‍ക്കും റീഫണ്ട് നല്‍കുന്ന സാമ്പത്തിക സഹായ പദ്ധതിയാണിത്.
കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് മേല്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്ന ലെവികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതി കൃഷി, തുണിത്തരങ്ങള്‍, എഞ്ചിനീയറിംഗ് മേഖലകളില്‍ നിന്നുള്ള 10,000 ത്തിലധികം കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് ബാധകമാണ്. ഇത് പ്രകാരം ഉത്പന്ന മൂല്യത്തിന്റെ 1 മുതല്‍ 4 ശതമാനം വരെ റീബേറ്റ് ലഭ്യമാക്കുന്നു.
ആഗോള വിപണികളില്‍ മത്സരശേഷി ഉറപ്പുവരുത്താന്‍ നീക്കം സഹായിക്കും. സെപ്്തബര്‍ 30 ന് അവസാനിക്കേണ്ട പദ്ധതി യുഎസ് തീരുവയുടെ പശ്ചാത്തലത്തിലാണ് അടുത്തവര്‍ഷത്തേയ്ക്ക് നീട്ടിയത്. തുണിത്തരങ്ങള്‍, തുകല്‍ വസ്തുക്കള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഇനങ്ങള്‍ക്ക് ഇപ്പോള്‍ 50 ശതമാനം യുഎസ് തീരുവ ബാധകമാണ്. ഇത് യുഎസ് മാര്‍ക്കറ്റില്‍ മത്സരിക്കാനുള്ള ഈ ഉത്പന്നങ്ങളുടെ കഴിവിനെ സാരമായി ബാധിച്ചു.
തീരുമാനം അന്താരാഷ്ട്ര വ്യാപാര തടസ്സങ്ങള്‍ നേരിടാന്‍ കയറ്റുമതിക്കാരെ സഹായിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കയറ്റുമതി മേഖലയ്ക്ക് ആശ്വാസമാണ് തീരുമാനം.