ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

ജിഎസ്ടി: 28% സ്ലാബ്‌ റദ്ദാക്കില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ചരക്ക്-സേവന നികുതിയുടെ 28 ശതമാനം സ്ലാബ്‌ ഒഴിവാക്കില്ലെന്നും മറ്റ് സ്ലാബുകളായ 5, 12, 18 ശതമാനം എന്നിവ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾക്ക് തയ്യാറാണെന്നും കേന്ദ്ര റെവന്യൂ സെക്രട്ടറി തരുൺ ബജാജ് പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി വരുമാനത്തിൽ മുഖ്യപങ്ക് വഹിക്കുന്നത് പെട്രോളിയം ഉത്‌പന്നങ്ങളായതിനാൽ അവയെ ജിഎസ്ടിയിൽ ഉൾപ്പെടുന്നത് സംബന്ധിച്ച് സർക്കാരുകൾക്ക് ആശങ്കയുണ്ട്. ആശങ്കകൾ പരിഹരിച്ച് പെട്രോളിയം ഉത്‌പന്നങ്ങളെ ജിഎസ്ടിയുടെ കീഴിലാക്കാൻ സമയമെടുക്കും. ആഡംബര ഉത്‌പന്നങ്ങളും/സേവനങ്ങളും ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട പുകയില പോലുള്ള ഉത്പന്നങ്ങളുമാണ് 28 ശതമാനം സ്ളാബിലുള്ളത്. വികസ്വര സമ്പദ്‌വ്യവസ്ഥയെന്ന നിലയിൽ 28 ശതമാനം സ്ലാബ്‌ തുടരേണ്ടത് അനിവാര്യമാണ്.
5, 12, 18 ശതമാനം സ്ളാബുകൾ നികുതി കുറച്ചോ ലയിപ്പിച്ചോ രണ്ട് സ്ളാബുകളാക്കി ചുരുക്കാനും പിന്നീടിവ ഒറ്റ സ്ലാബാക്കി മാറ്റാനുമുള്ള സാമ്പത്തിക കരുത്ത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടോയെന്ന് കണ്ടറിയണം. ഇത് വെല്ലുവിളി നിറഞ്ഞ ദൗത്യമാണെന്നും വ്യവസായ പ്രമുഖരുമായി നടത്തിയ ചർച്ചയിൽ തരുൺ ബജാജ് പറഞ്ഞു.
28 ശതമാനം സ്ളാബിലെ ഉത്‌പന്നങ്ങൾക്ക്/സേവനങ്ങൾക്ക് നികുതിക്ക് പുറമേ സെസുമുണ്ട്. ജിഎസ്ടി വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രം നഷ്‌ടപരിഹാരം നൽകുന്നത് സെസ് സമാഹരണത്തിൽ നിന്നാണ്.
ജിഎസ്ടി നിരക്കുകുറയ്ക്കൽ, സ്ളാബ് പരിഷ്‌കരണം, നികുതിവിധേയമല്ലാത്ത ഉത്‌പന്നങ്ങളെ/സേവനങ്ങളെ സ്ളാബുകളിൽ ഉൾപ്പെടുത്തൽ തുടങ്ങിയവ സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചെയർമാനായ മന്ത്രിതല സമിതിയെ ജിഎസ്ടി കൗൺസിൽ നിയോഗിച്ചിരുന്നു. നിർദേശങ്ങൾ സമർപ്പിക്കാൻ മൂന്നുമാസത്തെ സാവകാശം കൂടി സമിതിക്ക് കഴിഞ്ഞ ജി.എസ്.ടി കൗൺസിൽ നൽകി.
5, 12, 18, 28 ശതമാനം സ്ളാബുകളാണ് ഔദ്യോഗികമായി ജിഎസ്ടിയിലുള്ളത്. നിത്യോപയോക വസ്തുക്കളാണ് 5 ശതമാനം സ്ളാബിലുള്ളത്. 28 ശതമാനം സ്ലാബിൽ ആഡംബര വസ്തുക്കളും ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട വസ്തുക്കളും. സ്ളാബുകളിൽ ഉൾപ്പെടുത്താതെ സ്വർണത്തിന് മൂന്നു ശതമാനവും വജ്രം, മറ്റ് അമൂല്യരത്നങ്ങൾ എന്നിവയ്ക്ക് 1.5 ശതമാനവും ജിഎസ്ടി ഈടാക്കുന്നു.
ജിഎസ്ടിക്ക് മുമ്പ് റവന്യൂ ന്യൂട്രൽ റേറ്റ് 16 ശതമാനമായിരുന്നത് ഇപ്പോൾ 11.6 ശതമാനമാണ്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നികുതിവരുമാന നഷ്‌ടം ഉണ്ടാകാതെ സമ്പദ്‌ഭദ്രത നിലനിറുത്താനുള്ള ഏറ്റവും കുറഞ്ഞ ശരാശരി നികുതിയാണിത്. നിലവിൽ സമ്പദ്‌ഭദ്രതയ്ക്കായി അനിവാര്യമായ റെവന്യൂ ന്യൂട്രൽ റേറ്റ് 15.5 ശതമാനമാണ്.

X
Top