
ന്യൂഡല്‍ഹി: ഏകീകൃത പെന്‍ഷന്‍ പദ്ധതി (യുപിഎസ്)യില്‍ നിന്നും ദേശീയ പെന്‍ഷന്‍ സംവിധാനത്തിലേയ്ക്ക് (എന്‍പിഎസ്) മാറാന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യവസ്ഥകളോടെ അനുമതി.
റിട്ടയര്‍മെന്റിന് കുറഞ്ഞത് ഒരു വര്‍ഷം മുമ്പോ അല്ലെങ്കില്‍ സ്വമേധയാ വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പോ, ഏതാണോ ബാധകമാകുന്നത് അത് അനുസരിച്ച് ഓപ്ഷന്‍ പ്രയോഗിക്കണം. രാജി, നിര്‍ബന്ധിത വിരമിക്കല്‍ കേസുകളിലും ചെറിയ മാറ്റങ്ങളോടെ റൂള്‍ 56(ജെ) പ്രകാരം സമാനമായ വ്യവസ്ഥകള്‍ ബാധകമാകും.
നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ഓപ്ഷന്‍ പ്രയോഗിച്ചില്ലെങ്കില്‍, ജീവനക്കാര്‍ യുപിഎസില്‍ തുടരുമെന്നും പിരിച്ചുവിടല്‍, നിര്‍ബന്ധിത വിരമിക്കല്‍, അച്ചടക്ക നടപടികള്‍ നേരിടല്‍ എന്നിവ നേരിടുന്ന ജീവനക്കാര്‍ക്ക് സൗകര്യം ലഭ്യമാകില്ലെന്നും ധനമന്ത്രാലയം അറിയിച്ചു.
മാറ്റത്തിനുശേഷം 2015 ലെ പിഎഫ്ആര്‍ഡിഎ (എന്‍പിഎസിനു കീഴിലുള്ള എക്‌സിറ്റ് & പിന്‍വലിക്കല്‍) ചട്ടങ്ങളായിരിക്കും ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നിയന്ത്രിക്കുക. സര്‍ക്കാരിന്റെ 4% ഡിഫറന്‍ഷ്യല്‍ സംഭാവന വ്യക്തിയുടെ എന്‍പിഎസ് കോര്‍പ്പസിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
അതേസമയം പേഔട്ടുകളും യുപിഎസ് ആനുകൂല്യങ്ങളും ലഭ്യമാകില്ല. യോഗ്യരായ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഉത്തരവ് വിതരണം ചെയ്യാന്‍ വകുപ്പുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.