
ന്യൂഡൽഹി: ലോകാരോഗ്യ സംഘടന നേതൃത്വം നൽകുന്ന രാജ്യത്തെ പോളിയോ നിർമാർജ്ജന പരിപാടി പൂർണ്ണമായും ആഭ്യന്തര ഏജൻസികൾക്ക് കീഴിലാക്കാൻ കേന്ദ്ര സർക്കാർ. രണ്ടു വർഷത്തിനകം പ്രവർത്തനങ്ങൾ തദ്ദേശ ഏജൻസികൾക്ക് കീഴിലേക്ക് പൂർണ്ണമായും മാറ്റുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച് രാജ്യസഭാ ചോദ്യോത്തര വേളയിൽ നൽകിയ മറുപടിയിൽ 2027 മാർച്ചിനകം മാറ്റം പൂർത്തിയാക്കും എന്നറിയിച്ചു.
ഇതുവരെ, ഇന്ത്യയുടെ ദേശീയ പോളിയോ നിർമാർജ്ജന പരിപാടി (NPSP) ലോകാരോഗ്യ സംഘടന ആയിരുന്നു നയിച്ചത്. ഐക്യരാഷ്ട്രസഭയുടെ കീഴിൽ ഈ ഏജൻസിയുമായുള്ള ശക്തമായ പങ്കാളിത്തത്തോടെ 2014ൽ രാജ്യം പോളിയോ വിമുക്ത പദവി നേടി.
ഈ പദ്ധതിയാണ് പൊളിച്ചെഴുതുന്നത്. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) നേതൃത്വം നൽകുന്ന ഇന്ത്യയുടെ സംയോജിത രോഗ നിരീക്ഷണ പരിപാടിക്ക് (IDSP) കീഴിലേക്ക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതാണ് പദ്ധതി.
ഇന്ത്യയിൽ പോളിയോ രോഗം നിർമ്മാർജ്ജനം ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ച 30 വർഷം പഴക്കമുള്ള സംയുക്ത പരിപാടിയാണ് മാറ്റുന്നത്. രാജ്യത്തിനകത്തെ ഏജൻസികളുടെ സഹായത്തോടെ ഇന്ത്യ കോവിഡ്-19 പാൻഡെമിക്കിനെ നേരിട്ടു.
അതേ മാതൃകയിൽ പോളിയോ നിരീക്ഷണ പരിപാടി ഏറ്റെടുക്കാൻ ഈ സംവിധാനത്തിന് കഴിവുണ്ടെന്ന് കേന്ദ്രം അവകാശപ്പെടുന്നു.