
കൊച്ചി: കാലഹരണപ്പെട്ട വാഹനങ്ങൾ പൊളിക്കുന്നതിന് ധീരമായ നടപടികൾ സ്വീകരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ അധിക സഹായങ്ങൾ ലഭ്യമാക്കുന്നു.
പതിനഞ്ച് വർഷത്തിലധികം കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കുന്നതിന് നയം രൂപീകരിക്കുന്ന സംസ്ഥാനങ്ങൾക്ക് അൻപത് വർഷത്തെ പലിശ രഹിത വായ്പയായി അധിക തുക അനുവദിക്കുമെന്നാണ് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയത്.
കാലാവസ്ഥ സംരക്ഷണ നടപടികളുടെ ഭാഗമായി കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാനുള്ള സംവിധാനം രാജ്യമൊട്ടാകെ വ്യാപിക്കുന്നതിന് ഈ നടപടി സഹായമാകുമെന്ന് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നു. പരിഷ്ക്കരണ നടപടികളുടെ അടുത്ത ഘട്ടത്തിൽ സ്ക്രാപ്പിംഗ് നയം വ്യാപകമാക്കാനാണ് ആലോചിക്കുന്നത്.
ഇതിനിടെ സ്ക്രാപ്പിംഗ് നടപടികൾ സജീവമാക്കി വിവിധ കമ്പനികൾ രംഗത്തെത്തി.. ടാറ്റ മോട്ടോഴ്സാണ് പൊളിക്കൽ സംവിധാനങ്ങൾ ഒരുക്കുന്നതിൽ മുൻനിരയിലുള്ളത്.
ടാറ്റ മോട്ടോഴ്‌സിന്റെ രാജ്യത്തെ മൂന്നാമത്തെ രജിസ്റ്റേർഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (ആർവിഎസ്എഫ്) ചണ്ഡീഗഡിൽ പ്രവർത്തനം ആരംഭിച്ചു.
‘റീസൈക്കിൾ വിത്ത് റെസ്‌പെക്ട്’ എന്ന് പേരിട്ടിരിക്കുന്ന സ്‌ക്രാപ്പിംഗ് കേന്ദ്രത്തിൽ അത്യാധുനിക പരിസ്ഥിതി സൗഹൃദ പ്രക്രിയകളിലൂടെയാണ് വാഹനങ്ങൾ പൊളിക്കുന്നത്. പ്രതിവർഷം 12,000 വാഹനങ്ങൾ വരെ ഉൾകൊള്ളാൻ സാധിക്കുന്നതാണ് ഈ കേന്ദ്രം.
ടാറ്റ മോട്ടോഴ്‌സ് തന്നെ വികസിപ്പിച്ചെടുത്ത് പ്രവർത്തിപ്പിക്കുന്ന രജിസ്റ്റേർഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റിയിൽ എല്ലാ ബ്രാൻഡുകളുടെയും വാണിജ്യ വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാൻ സാധിക്കും. കമ്പനിയുടെ സുസ്ഥിത സംരംഭങ്ങൾ കൂടുതൽ ശക്തമാക്കികൊണ്ടാണ് രാജസ്ഥാനിലെ ജയ്‌പൂരിലും ഒഡിഷയിലെ ഭുവനേശ്വറിനും സൂറത്തിലും സ്‌ക്രാപ്പിംഗ് കേന്ദ്രം പ്രവർത്തിക്കുന്നത്.
പരിസ്ഥിതി സൗഹാർദ്ദപരമായ രീതികൾ ഉപയോഗപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ‘റീസൈക്കിൾ വിത്ത് റെസ്‌പെക്ട്’ എല്ലാ ബ്രാൻഡുകളുടെയും ലൈഫ് എൻഡ് വാഹനങ്ങൾ പൊളിച്ചുനീക്കുന്നതിന് വേണ്ടി നിർമ്മിച്ചതാണ്.
തടസ്സമില്ലാത്തതും കടലാസ് രഹിതവുമായ പ്രവർത്തനങ്ങൾക്ക് പൂർണമായും ഡിജിറ്റൽ സൗകര്യമാണ് ഉപയോഗപ്പെടുത്തുന്നത്. ടയറുകൾ, ബാറ്ററികൾ, ഇന്ധനം, എണ്ണ, മറ്റ് ദ്രാവകങ്ങൾ, വാതകങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ സുരക്ഷിതമായി വേർതിരിച്ചെടുക്കാൻ പ്രത്യേക സ്റ്റേഷനുകളുണ്ട്.
യാത്ര, വാണിജ്യ വാഹനങ്ങളുടെയും ആവശ്യകതകൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത സൂക്ഷ്മമായ ഡോക്യുമെന്റേഷനും പൊളിക്കൽ പ്രക്രിയയും ഓരോ വാഹനത്തിനും വിധേയമാകുന്നു.
അങ്ങനെ ചെയ്യുന്നതിലൂടെ, പൊളിക്കുന്ന പ്രക്രിയ വിശദാംശങ്ങളിലേക്ക് പരമാവധി ശ്രദ്ധ ഉറപ്പാക്കുന്നു.






