Alt Image
ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ ചർച്ചകൾ ആരംഭിച്ചുഇന്ത്യൻ റീട്ടെയിൽ വിപണി കുതിക്കുന്നുവെന്ന് റിപ്പോർട്ട്

റോഡപകടങ്ങളിൽ സൗജന്യ ചികിത്സ ഉറപ്പാക്കി കേന്ദ്രസർക്കാർ പദ്ധതി ‘പിഎം രാഹത്’

ന്യൂഡൽഹി: റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി റോഡ് ആക്‌സിഡന്റ് വിക്റ്റിം ഹോസ്പിറ്റലൈസേഷൻ ആൻഡ് അഷ്വേഡ് ട്രീറ്റ്‌മെന്റ് (PM RAHAT, പിഎം രാഹത്) എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

അപകടമുണ്ടായി ആദ്യ മണിക്കൂറുകളിലെ ചികിത്സയുൾപ്പെടെയുള്ളവയുടെ ചെലവുകളായിരിക്കും ഈ പദ്ധതി പ്രകാരം സൗജന്യമാക്കുന്നത്.

അപകടങ്ങളെ തുടർന്ന് ഇരകൾക്ക് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ജീവൻ രക്ഷിക്കുന്നതിനുള്ള ചികിത്സ വൈകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്നത്. അപകടം സംഭവിച്ചതിന് ശേഷമുള്ള ഗോൾഡൻ അവർ എന്നറിയപ്പെടുന്ന ആദ്യത്തെ മണിക്കൂറിനുള്ളിൽ നൽകുന്ന ചികിത്സ അതിജീവനത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് വിദഗ്ധ അഭിപ്രായങ്ങൾ.

പിഎം രാഹത് പദ്ധതി അനുസരിച്ച് അപകടം നടന്ന ദിവസം മുതൽ ഏഴ് ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുമെന്നാണ് വിവരം. ദേശീയ പാതകളിലോ സംസ്ഥാന പാതകളിലോ നഗരപ്രദേശങ്ങളിലോ ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കും.

ജീവൻ അപകടത്തിൽ അല്ലാത്ത ഇരകൾക്ക് 24 മണിക്കൂർ വരെ അവരുടെ നില മെച്ചപ്പെടുത്തുന്നതിനുള്ള ചികിത്സകളും ജീവന് ഭീഷണിയുള്ള അപകടങ്ങളിൽ 48 മണിക്കൂർ വരെയുമുള്ള തീവ്ര പരിചരണം ഈ പദ്ധതിയിൽ വരും. ഡിജിറ്റൽ സംവിധാനത്തിലൂടെയായിരിക്കും ഇതിന്റെ വേരിഫിക്കേഷൻ.

പിഎം രാഹത് പദ്ധതി എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം നമ്പറായ 112-മായി ബന്ധപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർക്കോ, സഹായിക്കുന്നവർക്കോ അല്ലെങ്കിൽ ആ പ്രദേശങ്ങളിൽ ഉള്ളവർക്കോ തൊട്ടടുത്തുള്ള ആശുപത്രി കണ്ടെത്താനും ആംബുലൻസ് സഹായം ആവശ്യപ്പെടാനും 112 നമ്പറുമായി ബന്ധപ്പെടാം. അടിയന്തര സേവനങ്ങൾ, പോലീസ്, ആശുപത്രികൾ തുടങ്ങിയവുമായുള്ള ഏകോപനവും ഈ സംവിധാനത്തിൽ ഉറപ്പാക്കുന്നുണ്ട്. വേഗത്തിൽ ചികിത്സ ഉറപ്പാക്കാനാണ് ഈ സംയോജനം.

അപകടത്തിൽപെട്ട് പരിക്കുകളുമായി എത്തുന്ന ഇരകൾക്ക് ചികിത്സ നൽകുന്നതിന് ആശുപത്രികൾക്കുള്ള പണം മോട്ടോർ വെഹിക്കിൾ ആക്‌സിഡന്റ് ഫണ്ടിൽ നിന്ന് ലഭ്യമാക്കും. അപകടമുണ്ടാക്കിയ വാഹനത്തിന് ഇൻഷുറൻസ് ഉണ്ടെങ്കിൽ ഈ തുക ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ഈടാക്കും.

അപകടമുണ്ടാക്കുന്ന വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത കേസുകളിലോ ഹിറ്റ് ആൻഡ് റൺ സംഭവങ്ങളിലോ സർക്കാരിന്റെ ബജറ്റ് വിഹിതത്തിലെ പണം ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്.

ഇത്തരം അപകടങ്ങളിൽ അംഗീകാരം ലഭിച്ചിട്ടുള്ള ക്ലെയിമുകൾ സംസ്ഥാന ആരോഗ്യ ഏജൻസികൾ പത്ത് ദിവസത്തിനുള്ളിൽ പ്രോസസ്സിങ് പൂർത്തിയാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം.

ഇതുവഴി ആശുപത്രികൾക്ക് സാമ്പത്തികപരമായ ഉറപ്പ് നൽകുകയും പണമിടപാടികളിലെ കാലതാമസം മൂലം ചികിത്സ വൈകുന്നത് ഒഴിവാക്കാനും സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാർ നടത്തുന്ന വിലയിരുത്തലുകൾ.

X
Top