
ന്യൂഡൽഹി: സ്വിസ് ബാങ്കിൽ ഇന്ത്യാക്കാര്‍ എത്ര കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന ചോദ്യത്തിന് ധനമന്തി നല്‍കിയ മറുപടിയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച. ഇന്ത്യാക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച ഔദ്യോഗിക വിലയിരുത്തലുകളൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
അതായത്, ഇന്ത്യൻ പൗരന്മാരും കമ്പനികളും സ്വിസ് ബാങ്കിൽ എത്ര പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് സർക്കാരിന് അറിയില്ല. സ്വിറ്റ്സർലണ്ട് സെൻട്രൽ ബാങ്കിലെ വാർഷിക കണക്കുകൾ അനുസരിച്ച് ഇന്ത്യക്കാരുടെ നിക്ഷേപങ്ങളിൽ അടുത്ത കാലത്തു വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ്. 14 വർഷത്തെ ഉയർന്ന നിരക്കാണ് ഇപ്പോഴത്തെ നിക്ഷേപ കണക്കുകൾ കാണിക്കുന്നത്.
ഇന്ത്യൻ കമ്പനികളുടെ വർദ്ധിച്ചുവരുന്ന ബിസിനസ്സ് ഇടപാടുകൾ, ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന സ്വിസ് ബാങ്ക് ശാഖകളുടെ നിക്ഷേപങ്ങളുടെ വർദ്ധനവ്, സ്വിറ്റ്സർലണ്ടും ഇന്ത്യയും തമ്മിലുള്ള അന്തർ ബാങ്ക് ഇടപാടുകളുടെ വർദ്ധനവ് എന്നിവയായിരിക്കാം നിക്ഷേപങ്ങളുടെ വർദ്ധനവിന് കാരണമെന്ന് പറയുന്നുണ്ട്. കള്ളപ്പണവും, വെളിപ്പെടുത്താത്ത വരുമാനവും ഇപ്പോഴും സർക്കാരിന് കണ്ടുപിടിക്കാൻ ആകുന്നില്ല.
ഇന്ത്യയും സ്വിറ്റ്‌സർലൻഡും തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കൽ ഉടമ്പടി പ്രകാരം പ്രസക്തമായ കേസുകളിൽ വിവരങ്ങൾ ലഭിക്കുന്നതിന് ഇന്ത്യ സ്വിറ്റ്‌സർലൻഡുമായി സജീവമായി ഇടപഴകുകയാണെന്ന് ധനമന്ത്രി പറഞ്ഞു.