
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളെ വീണ്ടും ലയിപ്പിച്ച് എണ്ണം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾ നടപ്പു സാമ്പത്തിക വർഷം (2025-26) തന്നെ തുടങ്ങിയേക്കും. നിലവിൽ പൊതുമേഖലയിൽ 12 ബാങ്കുകളാണുള്ളത്. ഇവയിൽ മിക്കവയെയും എസ്ബിഐ, കനറാ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവയിൽ ലയിപ്പിച്ച് ആകെ എണ്ണം 3 ആയി ചുരുക്കുമെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ.
ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐയിലും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയെ പഞ്ചാബ് നാഷനൽ ബാങ്കിലും ലയിപ്പിക്കാനാണ് നീക്കമെന്ന് അറിയുന്നു. യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ കനറാ ബാങ്കിലും ലയിപ്പിച്ചേക്കും. ബാങ്ക് ഓഫ് ബറോഡയെ സ്വതന്ത്രമായി തന്നെ നിലനിർത്തുമെന്നാണ് പുതിയ സൂചനകൾ.
2026-27നകം ബാങ്ക് ലയനം പൂർത്തിയാക്കാനാണ് കേന്ദ്ര നീക്കം. ബാങ്കുകളെ സംയോജിപ്പിച്ച് ലോകത്തെ ആദ്യ 20 മുൻനിര ബാങ്കുകളുടെ ഗണത്തിലേക്ക് ഇന്ത്യയിലെ രണ്ടു പൊതുമേഖലാ ബാങ്കുകളെയെങ്കിലും കൊണ്ടുവരണമെന്ന ആലോചനയാണ് ഈ നീക്കത്തിനു പിന്നിൽ. ലയിച്ചശേഷം വലിയ ബാങ്കുകളുണ്ടാകുന്നതോടെ, രാജ്യത്തെ വമ്പൻ പദ്ധതികൾക്ക് ഉൾപ്പെടെ വായ്പ നൽകാനും മറ്റും ഈ 4 ബാങ്കുകൾക്കും കഴിയുമെന്ന് കേന്ദ്രം കരുതുന്നു.
ബാങ്ക് ആസ്തിയിൽ ലോകത്തെ പ്രമുഖ 100 ബാങ്കുകളുടെ പട്ടികയിൽ 47-ാം സ്ഥാനമാണ് എസ്ബിഐക്കുള്ളത്. ഈ വിഭാഗത്തിൽ ആദ്യ 4 ബാങ്കുകളും ചൈനയുടേതാണ്. ഇതിനു പുറമേ, കനറാ എച്ച്എസ്ബിസി, കനറാ റൊബെകോ എന്നിവയുടെ ഐപിഒയും ഉടനുണ്ടാകും. 2017ൽ ആണു ബാങ്കുകളുടെ ലയനം ആദ്യം നടപ്പാക്കിയത്.
പിന്നീട് 2019ൽ ബാങ്കുകളുടെ ലയനത്തിലൂടെ 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആക്കി. ഇനിയും അതു മൂന്നാക്കാനാണ് നീക്കം.






