
കൊച്ചി: ആഗോള സാമ്പത്തിക മാന്ദ്യം ശക്തമാകുന്നതിനാൽ ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ മുഖ്യ പലിശ നിരക്കുകൾ കുറയ്ക്കാൻ തയ്യാറെടുക്കുന്നു. അടുത്ത വർഷം പലിശ നിരക്ക് മൂന്ന് തവണ കുറയാനിടയുണ്ടെന്ന് അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ബുധനാഴ്ച വ്യക്തമാക്കി.
യൂറോപ്യൻ സെൻട്രൽ ബാങ്കും പലിശ കുറയുമെന്നാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ ചുവട് പടിച്ച് റിസർവ് ബാങ്കും അടുത്ത വർഷം ആദ്യ പകുതിയിൽ മുഖ്യ പലിശ നിരക്ക് അര ശതമാനം കുറച്ചേക്കുമെന്ന് വിദഗ്ധർ പറയുന്നു.
സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതിനാൽ തിരക്കിട്ട് പലിശ കുറയ്ക്കേണ്ടയെന്നാണ് റിസർവ് ബാങ്ക് നിലപാട്. പലിശ ഇത്രയേറെ ഉയർന്നിട്ടും വ്യാവസായിക നിക്ഷേപത്തിലും ഉപഭോഗത്തിലും മികച്ച ഉണർവ് തുടരുകയാണ്. ലോകത്തിലെ മറ്റ് സാമ്പത്തിക മേഖലകളെ അപേക്ഷിച്ച് ഇന്ത്യ സുസ്ഥിര വളർച്ചയിലാണെന്നും അവർ വിലയിരുത്തുന്നു.
നാണയപ്പെരുപ്പ ഭീഷണി മറികടക്കാൻ കഴിഞ്ഞ രണ്ട് വർഷമായി നടപ്പാക്കിയ ധന നിയന്ത്രണങ്ങളാണ് ഇപ്പോൾ പിൻവലിക്കുന്നത്. നാല് മാസത്തിനിടെ പ്രധാന രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളൊന്നും പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.
വിലക്കയറ്റം അതിരൂക്ഷമായതോടെ കഴിഞ്ഞ വർഷം മേയ് മുതലാണ് റിസർവ് ബാങ്ക് പലിശ വർദ്ധന മോഡിലേക്ക് മാറിയത്. ഇതിനുശേഷം റിസർവ് ബാങ്കിൽ നിന്നും വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പകളുടെ പലിശയായ റിപ്പോയിൽ 2.5 ശതമാനം വർദ്ധനയുണ്ടായി.
ഇതോടെ ഭവന, വാഹന, വ്യക്തിഗത, വാണിജ്യ വായ്പകളുടെ പലിശ നിരക്ക് മൂന്ന് മുതൽ അഞ്ച് ശതമാനം വരെയാണ് കൂടിയത്.






