
കൊച്ചി: ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ വിദേശ നാണയ ശേഖരത്തില്‍ യു.എസ് ട്രഷറി ബോണ്ടുകള്‍ ഒഴിവാക്കി സ്വർണത്തിന്റെ അളവ് കൂട്ടുന്നു. 1990ന് ശേഷം ഇതാദ്യമായാണ് രാജ്യങ്ങളുടെ നാണയ ശേഖരത്തില്‍ സ്വർണത്തിന്റെ അളവ് യു.എസ് ട്രഷറി നിക്ഷേപങ്ങളേക്കാള്‍ കൂടുന്നത്.
പ്രതിസന്ധികള്‍ മറികടക്കാനായാണ് കേന്ദ്ര ബാങ്കുകള്‍ അമേരിക്കൻ ഡോളർ, യൂറോ, യു.എസ് ബോണ്ടുകള്‍, സ്വർണം എന്നിവ ഉള്‍പ്പെടുത്തി വിദേശ നാണയ ശേഖരം ഒരുക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം തുടങ്ങിയതോടെയാണ് പല രാജ്യങ്ങളും യു.എസ് കടപ്പത്രങ്ങള്‍ കൈയൊഴിയുന്നത്.
കേന്ദ്ര ബാങ്കുകളുടെ വിദേശ നാണയ ശേഖരത്തില്‍ മൊത്തം 36,000 ടണ്‍ സ്വർണമാണുള്ളത്. നിലവിലെ വില നിലവാരമനുസരിച്ച് ഇവരുടെ സ്വർണ ശേഖരത്തിന്റെ മൂല്യം 3.6 ലക്ഷം കോടി ഡോളറാണ്.
രാജ്യാന്തര വിപണിയില്‍ സ്വർണ വില നിലവില്‍ ഔണ്‍സിന് 3,450 ഡോളറാണ്.
പുതിയ സാഹചര്യത്തില്‍ അമേരിക്കൻ സർക്കാരിന്റെ വിശ്വാസ്യത ഇടിയുന്നതാണ് യു.എസ് ബോണ്ടുകള്‍ വിറ്റൊഴിക്കാൻ വിവിധ കേന്ദ്ര ബാങ്കുകളെ നിർബന്ധിതരാക്കുന്നതെന്ന് അനലിസ്‌റ്റുകള്‍ പറയുന്നു.
ബാങ്കുകള്‍ ട്രഷറി വിറ്റഴിക്കുന്നതെന്തിന്?
അമേരിക്കൻ സർക്കാരിന്റെ വിശ്വാസ്യത ഇടിവ്
പൊതു കടം വർധിക്കുന്നത് ബോണ്ട് സുരക്ഷിതത്വത്തില്‍ ആശങ്ക
ഉപാധികളുണ്ടായാല്‍ ഡോളർ, യൂറോ ഉപയോഗം തടസപ്പെടാം
സ്വർണ ഉല്‍പാദനം കുറവെങ്കിലും ആവശ്യം സ്ഥിരമായി കൂടുതലാണ്
റിസർവിലെ വൈവിദ്ധ്യത്തിനായി ഡോളറിന്റെ വിഹിതം കുറയ്ക്കുന്നു
കേന്ദ്ര ബാങ്കുകള്‍ വാങ്ങിയ സ്വർണം
വർഷം അളവ്
2022 1.082 ടണ്‍
2023 1,037 ടണ്‍
2024 1,045 ടണ്‍
2025 ജൂണ്‍ വരെ 400 ടണ്‍
ഇന്ത്യയുടെ സ്വർണ ശേഖരം 880 ടണ്‍
ഇന്ത്യയുടെ സ്വർണ ശേഖരത്തിന്റെ മൂല്യം 9.85 ലക്ഷം കോടി രൂപ
ഇന്ത്യയുടെ മൊത്തം വിദേശ നിക്ഷേപത്തിലെ സ്വർണത്തിന്റെ അളവ് 12 ശതമാനം
ഡോളറിനെ കൈവിടുമോ?
നിലവിലെ ആഗോള സാഹചര്യത്തില്‍ ഡോളർ ഒഴിവാക്കാൻ പ്രയാസമാണ്. കഴിഞ്ഞ വർഷത്തെ കണക്കുകളനുസരിച്ച് ലോകത്തിലെ കേന്ദ്ര ബാങ്കുകളുടെ വിദേശ നാണയ ശേഖരത്തില്‍ 58 ശതമാനം അമേരിക്കൻ ഡോളറാണ്.