
ഒന്റാരിയോ: ഒരു പ്രധാന ഇമിഗ്രേഷന്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കയാണ് കാനഡ. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക്, പ്രത്യേകിച്ച്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് എച്ച്-1ബി വിസ പ്രോഗ്രാമില്‍ വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായവര്‍ക്ക് ഈ പ്രോഗ്രാം അവസരങ്ങള്‍ നല്‍കും.
പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ബുധനാഴ്ച അവതരിപ്പിച്ച ദേശീയ ബജറ്റ് അനുസരിച്ച്, ലോകമെമ്പാടുമുള്ള 1,000-ത്തിലധികം മികച്ച ഗവേഷകരെ നിയമിക്കുന്നതിനായി കാനഡ 1.7 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം തുടങ്ങിയ നൂതന മേഖലകളിലേയ്ക്കാണ് നിയമനം.
സ്ഥിരതയും കരിയര്‍ വളര്‍ച്ചയും ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള വ്യക്തികളെ ആകര്‍ഷിക്കാന്‍ രാജ്യം പദ്ധതിയിടുന്നു. യുഎസ് കുടിയേറ്റം ബാലികേറാമലയാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഇത് ഒരു വിലപ്പെട്ട ബദലാകും.
അതേസമയം, കാനഡ അതിന്റെ താല്‍ക്കാലിക റസിഡന്റ് പ്രോഗ്രാമില്‍ മാറ്റങ്ങള്‍ വരുത്തുകയാണ്. താല്‍ക്കാലിക താമസക്കാരുടെ എണ്ണം 385000 ആയി കുറയ്ക്കാനാണ് ശ്രമം. ഈ വര്‍ഷം ഇത് 673,650 ആയിരുന്നു.






