
മുംബൈ: മലയാളി സംരംഭകനായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച എജ്യു ടെക് പ്ലാറ്റ്‌ഫോമായ ബൈജൂസ് കട ബാദ്ധ്യതകളാൽ നട്ടംതിരിയുന്നു.
അമേരിക്കയിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിനായി പ്രതാപ കാലത്ത് വാങ്ങിയ കമ്പനികൾ വിൽക്കുകയാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
9956 കോടി രൂപയാണ് അമേരിക്കയിൽ നിന്നും ബൈജൂസ് വായ്‌പെടുത്തത്. ഇത് തിരിച്ചടയ്ക്കുന്നതിനായി 8195 കോടി രൂപയ്ക്ക് ഏറ്റെടുത്ത രണ്ട് വിദേശ കമ്പനികളാണ് ബൈജൂസ് വിറ്റഴിക്കുന്നതെന്ന് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികളെയാണ് ബൈജൂസ് വിറ്റഴിക്കുന്നത്. 2021 നവംബറിൽ ബൈജൂസ് ഒരു കൂട്ടം വിദേശ നിക്ഷേപകരിൽ നിന്ന് 1.2 ബില്യൺ ഡോളറാണ് വായ്പയായി എടുത്തത്.
ഇനി ആറ് മാസത്തിനുള്ളിൽ ഈ വായ്പ തിരിച്ചടക്കണം. ഈ സാഹചര്യത്തിലാണ് വിദേശ കമ്പനികളെ വിൽപനയ്ക്ക് വച്ചിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വിലമതിപ്പുള്ള സ്റ്റാർട്ടപ്പ് കമ്പനികളിലൊന്നായിരുന്നു ബൈജൂസ് ആപ്പ്. 2,200 കോടി ഡോളറിന്റെ വിപണി മൂല്യം (ഏകദേശം 1.80 ലക്ഷം കോടി രൂപ) കമ്പനിക്ക് ഉണ്ടെന്നാണ് റിപ്പോർട്ട്.
ആഗോള നിക്ഷേപകരായ ടൈഗർ ഗ്ലോബൽ, സെക്വോഷ്യ ക്യാപിറ്റൽ, ജനറിക് അറ്റ്ലാന്റിക്, പ്രോസ്യൂസ്, ബ്ലാക്ക്റോക്ക്, ടെൻസെന്റ് തുടങ്ങിയ കമ്പനികൾക്ക് ബൈജുവിന്റെ സ്റ്റാർട്ടപ്പിൽ പങ്കാളിത്തമുണ്ട്.
ബൈജൂസിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറായി ഫുട്ബോൾ താരം ലയണൽ മെസ്സി കരാറിൽ ഒപ്പുവെച്ചിരുന്നു.
കഴിഞ്ഞ ഖത്തർ ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക സ്‌പോൺസർ കൂടിയായിരുന്നു ബൈജൂസ് ആപ്പ്.






