
മുംബൈ: നിലവിലുള്ള നിക്ഷേപകരിൽ നിന്ന് 250 മില്യൺ ഡോളർ സമാഹരിച്ചതായി എഡ്‌ടെക് പ്രമുഖരായ ബൈജൂസ് അറിയിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയിലെ പിരിച്ചുവിടലുകൾക്കും പുനർനിർമ്മാണത്തിനും ഇടയിലാണ് ഈ ഫണ്ട് സമാഹരണം എന്നതും ശ്രദ്ധേയമാണ്.
പ്രതികൂല സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കാതെ തന്നെ വരുമാനം, വളർച്ച, ലാഭം എന്നിവയുടെ കാര്യത്തിൽ 2022-23 സാമ്പത്തിക വർഷം ബൈജൂസിന്റെ ഏറ്റവും മികച്ച വർഷമാകുമെന്ന് ബൈജൂസിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബൈജു രവീന്ദ്രൻ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ എഡ്‌ടെക് സ്ഥാപനം കഴിഞ്ഞ വർഷം 4,588 കോടി രൂപയുടെ അറ്റ നഷ്ട്ടം രേഖപ്പെടുത്തി. ഇതേ തുടർന്ന് 2500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് എഡ്‌ടെക് സ്റ്റാർട്ടപ്പ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
ത്രിതല സമീപനത്തിലൂടെ 2023 മാർച്ചോടെ ഗ്രൂപ്പ് തലത്തിലുള്ള ലാഭം കൈവരിക്കാനാണ് ബൈജുസിന്റെ ലക്ഷ്യമെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. സമന്വയം പ്രയോജനപ്പെടുത്തുന്നതിനായി കമ്പനി അതിന്റെ എല്ലാ K-10 ഇന്ത്യ സബ്‌സിഡിയറികളെയും ഒരു യൂണിറ്റായി ഏകീകരിക്കും. അതേസമയം ആകാശ് എജ്യുക്കേഷൻ, ഗ്രേറ്റ് ലേണിംഗ് എന്നിവ യഥാക്രമം ടെസ്റ്റ് തയ്യാറെടുപ്പ്, അപ്‌സ്കില്ലിംഗ് എന്നിവയിലേക്കുള്ള സ്വതന്ത്ര യൂണിറ്റുകളായി പ്രവർത്തിക്കും.