
ന്യൂഡല്‍ഹി: ബാങ്ക് വായ്പ ഡിമാന്റ് വര്‍ധിക്കുകയാണെന്നും രാജ്യത്തെ മൊത്തത്തിലുള്ള ബിസിനസ് സ്ഥിതി 2024 സാമ്പത്തികവര്‍ഷത്തില്‍ മെച്ചപ്പെടുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സര്‍വേകള്‍. ഇന്‍പുട്ട് ചെലവും വിലവര്‍ദ്ധിപ്പിക്കാനുള്ള സമ്മര്‍ദ്ദവും വിപുലീകരണം മന്ദഗതിയിലായേക്കും. അതേസമയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നതിലൂടെ മാര്‍ജിന്‍ നിലനിര്‍ത്താനാകും.
ധനസഹായം, അസംസ്‌കൃത വസ്തുക്കളുടെ വാങ്ങല്‍, വേതനം എന്നിവയില്‍ നിന്നുള്ള ചെലവ് സമ്മര്‍ദ്ദങ്ങള്‍ സമീപകാലത്തും തുടരാന്‍ സാധ്യതയുണ്ട്.
കയറ്റുമതി
ചരക്ക് കയറ്റുമതി 2023 സാമ്പത്തിക വര്‍ഷത്തില്‍ 4.1 ശതമാനവും ഇറക്കുമതി 16 ശതമാനവുമായി വളരുമെന്ന് സര്‍വേ പ്രവചിച്ചു. 2024 സാമ്പത്തിക വര്‍ഷത്തില്‍ യഥാക്രമം 2.3 ശതമാനവും 3.8 ശതമാനവുമായി ചുരുങ്ങാനുള്ള സാധ്യതയാണുള്ളത്. കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) 2023 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 2.6 ശതമാനവും 2024 സാമ്പത്തിക വര്‍ഷത്തില്‍ 2.0 ശതമാനവും പ്രതീക്ഷിക്കപ്പെടുന്നു.
പണപ്പെരുപ്പം
സിപിഐ പണപ്പെരുപ്പം 2023 സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനവും 2024 സാമ്പത്തിക വര്‍ഷത്തില്‍ 5.3 ശതമാനവുമായിരിക്കും.2023 സാമ്പത്തിക വര്‍ഷത്തെ ജിഡിപി പ്രവചനം 7 ശതമാനമാണ്.
യഥാര്‍ത്ഥ സ്വകാര്യ അന്തിമ ഉപഭോഗ ചെലവിലെ (പിഎഫ്‌സിഇ) വാര്‍ഷിക വളര്‍ച്ച 6.1 ശതമാനവും യഥാര്‍ത്ഥ മൊത്ത സ്ഥിര മൂലധന രൂപീകരണം (ജിഎഫ്‌സിഎഫ്) 7.1 ശതമാനവുമായി നിജപ്പെടും.യഥാര്‍ത്ഥ മൊത്ത മൂല്യവര്‍ദ്ധിത (ജിവിഎ) വളര്‍ച്ചാ പ്രവചനം 5.8 ശതമാനത്തില്‍ മാറ്റമില്ല.
2024 സാമ്പത്തികവര്‍ഷത്തില്‍ മികച്ച വിറ്റുവരവ് പ്രതീക്ഷിക്കുകയാണ് സേവന, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ കമ്പനികള്‍. ഡിമാന്റും അനുകൂല തൊഴില്‍ സാഹചര്യങ്ങളുമാണ് ഇത് സാധ്യമാക്കുക.
2024 സാമ്പത്തികവര്‍ഷത്തില്‍ മൊത്തം ബിസിനസ് സാഹചര്യം മെച്ചപ്പെടുമെന്ന് കോര്‍പറേറ്റ്, സാമ്പത്തിക വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചുനടത്തിയ സര്‍വേ പ്രതീക്ഷ പ്രകടിപ്പിച്ചു.