നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

കുറഞ്ഞവിലയ്ക്ക് ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മിക്കാൻ ബെമല്‍

പാലക്കാട്: വന്ദേഭാരത് സ്ലീപ്പർ കോച്ച്‌(Vande Bharat Sleeper Coach) നിർമാണത്തിനുപിന്നാലെ റെയില്‍വേയ്ക്കുവേണ്ടി(Railway) രണ്ട് ബുള്ളറ്റ് ട്രെയിൻ നിർമാണത്തിനും കേന്ദ്രപൊതുമേഖലാസ്ഥാപനമായ ‘ബെമല്‍'(BEML) ഒരുങ്ങുന്നു.

ബുള്ളറ്റ് ട്രെയിൻ നിർമാണത്തിനുള്ള അന്താരാഷ്ട ദർഘാസില്‍ വിദേശ കമ്പനികള്‍ അമിതവില ആവശ്യപ്പെട്ടതോടെയാണ് കുറഞ്ഞവിലയ്ക്ക് ട്രെയിനുകള്‍ ഉണ്ടാക്കി നല്‍കാൻ ദർഘാസ് നല്‍കിയ ‘ബെമലി’ന് സാധ്യത തെളിഞ്ഞത്.

മുൻപ് വന്ദേഭാരത് സ്ലീപ്പർ കോച്ചുകള്‍ കുറഞ്ഞചെലവിലും മികച്ച നിലവാരത്തിലും ‘ബെമലി’ല്‍ നിർമാണം പൂർത്തിയാക്കി റെയില്‍വേയ്ക്കു കൈമാറിയിരുന്നു. ഇതും ‘ബെമലി’നെ കരാറില്‍ പരിഗണിക്കാനുള്ള നീക്കത്തിന് ആക്കം കൂട്ടി.

എട്ട് കോച്ചുകളുള്ള രണ്ട് ബുള്ളറ്റ് ട്രെയിനുകള്‍ നിർമിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍വേ പാതയില്‍ സർവീസ് നടത്തുന്നതിനാണ് ബുള്ളറ്റ് ട്രെയിനുകള്‍ തയ്യാറാക്കുന്നത്.

മണിക്കൂറില്‍ 250മുതല്‍ 280 കിലോമീറ്റർവരെ വേഗത്തില്‍ സഞ്ചരിക്കാൻ ബുള്ളറ്റ് ട്രെയിനുകള്‍ക്കാവും. 2026-ല്‍ നിർമാണം പൂർത്തിയാക്കാനാവുമെന്ന പ്രതിക്ഷയിലാണ് ‘ബെമല്‍’. ഒരു ബുള്ളറ്റ് ട്രെയിനിന് 200 മുതല്‍ 250 കോടി രൂപവരെ ചെലവുവരും.

തുടക്കത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ബുള്ളറ്റ് ട്രെയിൻ ഇറക്കുമതി ചെയ്യാനാണ് ആലോചിച്ചിരുന്നത്. ഇതിനിടയിലാണ് വന്ദേഭാരത് സ്ലിപ്പർ കോച്ചുകള്‍ അന്താരാഷ്ട്ര തലത്തിലുള്ള ചെലവിന്റെ പകുതി വിലയ്ക്ക് ‘ബെമല്‍’ നിർമിച്ചുനല്‍കിയത്.

1964-ല്‍ ബെംഗളൂരുവില്‍ പ്രവർത്തനം ആരംഭിച്ച ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമല്‍) പ്രതിരോധ വാഹനങ്ങള്‍, റെയില്‍വേ കോച്ചുകള്‍ മെട്രോ കോച്ചുകള്‍, വന്ദേഭാരത് സ്ലിപ്പർ കോച്ചുകള്‍, മൈനിങ് ആൻഡ് കണ്‍സ്ട്രക്ഷൻ വാഹനങ്ങള്‍ എന്നിവയാണ് നിർമിക്കുന്നത്.

‘ബെമലി’ന്റെ പ്രതിവർഷ വിറ്റുവരവില്‍ 85 ശതമാനം കരാറുകളും നേടുന്നത് വിദേശ-സ്വദേശ കോർപ്പറേറ്റ് കമ്ബനികളോട് ആഗോള ദർഘാസില്‍ മത്സരിച്ചാണ്. ‘ബെമലി’ന് പാലക്കാടിനു പുറമേ മൈസൂരു, കോലാർ ഖനി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിർമാണ യൂണിറ്റുകളുണ്ട്.

ഏകദേശം 20,000 പാസഞ്ചർ കോച്ചുകള്‍ ഇതിനോടകം റെയില്‍വേയ്ക്ക് നിർമിച്ചുനല്‍കിയിട്ടുണ്ട്.
3,087 കോടിയുടെ ഓർഡറുകള്‍ ‘ബെമല്‍’ നേടിയിട്ടുണ്ട്. 2023-24 സാമ്പത്തികവർഷം 4,054 കോടി വിറ്റുവരവും 283 കോടി ലാഭവും നേടി.

ഈ സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനമായ ‘ബെമല്‍’ വിറ്റഴിക്കാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

X
Top