
കരാർ കാലയളവിൽ നിർമാണം പൂർത്തിയാക്കാതിരുന്ന ഫ്ലാറ്റ്, ബിൽഡറിൽ നിന്നു പിടിച്ചെടുത്ത് ഉടമകൾക്കു കൈമാറി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ– റെറ).
രാജാജി റോഡിലെ ഗാലക്സി ഹോംസ് കമ്പനി എളംകുളം ചിലവന്നൂരിൽ നിർമിച്ച ഗാലക്സി ബ്രിജ്‍വുഡ് അപ്പാർട്മെന്റ് പദ്ധതിയിൽ 10 വർഷം മുൻപു പരാതിക്കാർ ബുക് ചെയ്ത മൂന്നു ബെഡ് റൂം ഫ്ലാറ്റും നിർദിഷ്ട പാർക്കിങ് സ്ഥലവുമാണ് ഏറ്റെടുത്തു കൈമാറിയത്.
റെറയുടെ ചരിത്രത്തിൽ ആദ്യമായാണു ബിൽഡറിൽ നിന്നു ഫ്ലാറ്റ് പിടിച്ചെടുത്ത് ഉടമകൾക്കു കൈമാറുന്നത്. റെറെയ്ക്കു സ്വന്തം ഉത്തരവുകൾ നേരിട്ടു നടപ്പാക്കാമെന്നും എക്സിക്യൂഷൻ കോടതിയുടെ അധികാരങ്ങൾ ഉണ്ടെന്നും കണ്ടെത്തിയ ശേഷമുള്ള ആദ്യ നടപടിയാണിത്.
രമ്യ രവീന്ദ്രൻ, ഭർത്താവ് എം. ആർ. ഹരികുമാർ എന്നിവർ അഡ്വ. ഹരീഷ് വാസുദേവൻ മുഖേന നൽകിയ പരാതിയിലാണു നടപടി.
ഈ കേസിൽ റെറ നൽകിയ ഉത്തരവുകൾ തുടർച്ചയായി പാലിക്കാതിരിക്കുകയും ഫ്ലാറ്റ് നിർമാണം അനന്തമായി നീട്ടിക്കൊണ്ടു പോവുകയും ചെയ്തതിനെ തുടർന്നാണ് ഏറ്റെടുക്കലിന് ഉത്തരവിട്ടത്.
ബിൽഡറോട് ഹാജരായി ഫ്ലാറ്റിന്റെ താക്കോൽ നേരിട്ടു കൈമാറാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനെ തുടർന്നു വാതിലിന്റെ പൂട്ടുതകർത്ത് ഉള്ളിൽ കടന്നു 21 ന് നടപടി പൂർത്തിയാക്കുകയായിരുന്നു.