
ന്യൂഡൽഹി: രാജ്യാമെമ്പാടുമായി ഒരുലക്ഷത്തോളം 4ജി ടവറുകൾ സ്ഥാപിച്ച പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ നക്സൽ ഭീഷണിയുള്ള പ്രദേശങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാനൊരുങ്ങുന്നു.
കഴിഞ്ഞമാസമാണ് ബിഎസ്എൻഎൽ ഒരുലക്ഷം ടവറുകൾ എന്ന നിർണായക നാഴികക്കല്ല് സ്വന്തമാക്കിയത്. ഒരുലക്ഷം ടവറുകൾ കൂടി സ്ഥാപിക്കാനുള്ള അനുമതി കേന്ദ്രസർക്കാരിനോട് തേടിയിട്ടുമുണ്ട്. ഇതിനിടെയാണ്, നക്സൽ ബാധിത മേഖലകളിലും ടവറുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ വ്യക്തമാക്കിയത്.
ഛത്തീസ്ഗഡിലെ നക്സൽ ബാധിതമായ ഉൾപ്രദേശങ്ങളിലായി 400 ടവറുകളാണ് ഘട്ടംഘട്ടമായി സ്ഥാപിക്കുക. നക്സൽ ബാധിത പ്രദേശങ്ങളിൽ വികസനപദ്ധതികൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നീക്കം. സുരക്ഷാസേനകളുടെ അനുമതിയോടെയാകും ടവറുകൾ സ്ഥാപിക്കുക. ഇതു സംബന്ധിച്ച ചർച്ച റായ്പുരിൽ കഴിഞ്ഞദിവസം നടന്നിരുന്നു.
പ്രദേശത്തെ സ്കൂളുകളെ ഡിജിറ്റൽവൽക്കരിക്കുക, ജെഇഇ, നീറ്റ് പോലുള്ള മത്സരപരീക്ഷകൾക്കായി വിദ്യാർഥികളെ സജ്ജരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുമാണ് ഛത്തീസ്ഗഡിന്റെ ഉൾപ്രദേശങ്ങളിലേക്കും ടെലികോം സർവീസ് വ്യാപിപ്പിക്കുന്നത്.
വിദേശ ടെക്നോളജി ഒഴിവാക്കി, തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജിയാണ് ബിഎസ്എൻഎൽ ഉപയോഗിക്കുന്നത്. 5ജിയിലേക്ക് ഇതു അപ്ഗ്രേഡ് ചെയ്യാനും കഴിയും. ഡൽഹിയിലെ ചില പ്രദേശങ്ങളിൽ 5ജി പരീക്ഷണവും കമ്പനി നടത്തുന്നുണ്ട്.
ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ ബിഎസ്എൻഎൽ 280 കോടി രൂപയുടെ ലാഭം നേടിയിരുന്നു. തുടർച്ചയായ രണ്ടാംപാദത്തിലായിരുന്നു ലാഭം രേഖപ്പെടുത്തിയത്.
രണ്ടുദശാബ്ദത്തിനുശേഷം ആദ്യമായാണ് തുടർച്ചയായ പാദങ്ങളിൽ ബിഎസ്എൻഎൽ ലാഭം കുറിച്ചതും. മുൻവർഷത്തെ സമാനപാദത്തിൽ നേരിട്ടത് 849 കോടി രൂപയുടെ നഷ്ടമായിരുന്നു.
262 കോടി രൂപയായിരുന്നു കഴിഞ്ഞ ഡിസംബർപാദത്തിൽ ലാഭം. 2007നുശേഷം ലാഭം രേഖപ്പെടുത്തിയതും ആ പാദത്തിലായിരുന്നു.