
മുംബൈ: ഓഗസ്റ്റില്‍ കൂടുതല്‍ വരിക്കാരെ ഒപ്പം ചേര്‍ത്ത മൊബൈല്‍ സേവനദാതക്കളുടെ പട്ടികയില്‍ ബിഎസ്എന്‍എല്ലിന് വന്‍ കുതിപ്പ്. ഭാരതി എയര്‍ടെല്ലിനെ മറികടന്ന് പുതിയ ഉപയോക്താക്കളുടെ പട്ടികയില്‍ പൊതുമേഖല സ്ഥാപനം രണ്ടാംസ്ഥാനത്തെത്തി. ഓഗസ്റ്റില്‍ 13.85 ലക്ഷം ഉപയോക്താക്കളെയാണ് ബിഎസ്എന്‍എല്ലിന് ലഭിച്ചത്. ഒന്നാംസ്ഥാനത്ത് റിലയന്‍സ് ജിയോയാണ്. 19 ലക്ഷത്തിനു മുകളിലാണ് ജിയോ ഓഗസ്റ്റില്‍ നേടിയത്. ഭാരതി എയര്‍ടെല്ലിന് 4.96 ലക്ഷം പുതിയ കണക്ഷനുകള്‍ കിട്ടി.
മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ നേട്ടം കൊയ്തപ്പോള്‍ പക്ഷേ വോഡഫോണ്‍ ഐഡിയയ്ക്ക് തിരിച്ചടിയാണ് നേരിട്ടത്. ഓഗസ്റ്റില്‍ 3.08 ഉപയോക്താക്കളെയാണ് കമ്പനിക്ക് നഷ്ടമായത്. ഒരുകാലത്ത് ഇന്ത്യന്‍ വിപണിയിലെ ശക്തരായിരുന്ന വോഡഫോണ്‍ ഐഡിയ സമീപകാലത്ത് വലിയ തിരിച്ചടികളാണ് നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം വിപണി പങ്കാളിത്തത്തിലും വലിയ ഇടിവാണ് നേരിടുന്നത്.
രാജ്യത്ത് ആകെയുള്ള ടെലിഫോണ്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 122.45 കോടിയായി ഉയര്‍ന്നു. ജൂലൈയില്‍ ഇത് 122 കോടിയായിരുന്നു. ഓഗസ്റ്റില്‍ പുതുതായി 35.19 ലക്ഷം ഉപയോക്താക്കള്‍ മൊബൈല്‍ സെഗ്മെന്റില്‍ വന്നതോടെയാണിത്.
ഇതിനു മുമ്പ് ബിഎസ്എന്‍എല്‍ വലിയ തോതില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ നേട്ടമുണ്ടാക്കിയത് 2024 സെപ്റ്റംബറിലാണ്. സ്വകാര്യ ടെലികോം സേവനദാതാക്കള്‍ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ബിഎസ്എന്‍എല്ലിലേക്ക് അന്ന് ഒഴുക്കുണ്ടായത്. അന്ന് ത്രീജി സര്‍വീസ് മാത്രമായിരുന്നു പൊതുമേഖല സ്ഥാപനം നല്കിയത്. ഇപ്പോള്‍ 4ജി സര്‍വീസ് ആരംഭിച്ചതോടെ കൂടുതല്‍ സംതൃപ്ത ഉപയോക്താക്കളെ നേടിയെടുക്കാമെന്നാണ് ബിഎസ്എന്‍എല്ലിന്റെ പ്രതീക്ഷ.
ബ്രോഡ്ബാന്‍ഡ് സെഗ്മെന്റില്‍ റിലയന്‍സ് ജിയോ തന്നെയാണ് മുന്നില്‍. ആകെ ഉപയോക്താക്കള്‍ 50 കോടി കടന്നു. ഭാരതി എയര്‍ടെല്‍ (30.9 കോടി), വോഡാഫോണ്‍ ഐഡിയ (12.7 കോടി), ബിഎസ്എന്‍എല്‍ (3.43 കോടി) എന്നിങ്ങനെയാണ് കണക്ക്.
അതേസമയം, വയര്‍ലൈന്‍ സബ്‌സ്‌ക്രൈഴ്‌സില്‍ ജിയോയ്ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നു. 15.51 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടപ്പെട്ടത്. ടാറ്റ ടെലിസര്‍വീസ് 1.17 ലക്ഷം പുതിയ കണക്ഷനുകള്‍ സ്വന്തമാക്കി. ഭാരതി എയര്‍ടെല്‍ (1.08 ലക്ഷം) ഉപയോക്താക്കളെ സ്വന്തമാക്കി.
പൊതുമേഖല സ്ഥാപനമായ എംടിഎന്‍എല്ലിന് 1.87 ലക്ഷം ഉപയോക്താക്കളെ നഷ്ടമായി. ബിഎസ്എന്‍എല്ലിന് 5,647 കണക്ഷനുകളും ഓഗസ്റ്റില്‍ കൈവിട്ടുപോയി.