
പത്തനംതിട്ട: മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുൽമേട് വഴിയുള്ള തീർത്ഥാടകർക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാൻ ബിഎസ്എൻഎൽ രംഗത്ത്. 4 ജി സൗകര്യം ലഭ്യമാക്കാൻ മേഖലയിൽ താൽക്കാലിക ടവർ സ്ഥാപിക്കും. മകര വിളക്ക് ദർശനത്തിനായി പതിനായിരങ്ങൾ തടിച്ച് കൂടുന്ന സ്ഥലമാണ് പുൽമേട്. ഇവിടുത്തെ ഭക്തജന തിരക്ക് കണക്കിലെടുത്താണ് നടപടി. അഞ്ച് ദിവസത്തേക്കാണ് ഈ അധിക സംവിധാനം ഏർപ്പെടുത്തുക. ദുർഘടമായ പുല്ലുമേട് പരമ്പരാഗത തീർത്ഥാടന പാതയിൽ ഫൈബർ കേബിളുകൾ എത്തിക്കാൻ സാധ്യമല്ല. ഈ ബുദ്ധിമുട്ട് കണക്കിലെടുത്താണ് മൈക്രോവേവ് സംവിധാനം ഉപയോഗിച്ച് ഇവിടെ നെറ്റ്‌വർക്ക് ലഭ്യമാക്കാം എന്ന് തീരുമാനിച്ചത്.
നിലവിൽ പാണ്ടിത്താവളത്തെ ബിഎസ്എൻഎൽ എക്സ്ചേഞ്ചിൽ നിന്നുള്ള രണ്ട് 4 ജി യൂണിറ്റുകളാണ് പുൽമേട് മേഖലയിൽ കവറേജ് നൽകുന്നത്. സത്രം മുതൽ ഓടാംപ്ലാവ് വരെയുള്ള പരമ്പരാഗത പാതയിൽ 80% ഭാഗങ്ങളിലും 3 ജി, 2 ജി സേവനങ്ങൾ ലഭ്യമാണ്. ഓടംപ്ലാവ് മുതൽ 4 ജി ലഭ്യമാണെന്നും സന്നിധാനത്ത് സേവനം അനുഷ്ടിക്കുന്ന ബിഎസ്എൻഎൽ വൃത്തങ്ങൾ വ്യക്തമാക്കി. പത്തനംതിട്ട മുതൽ സന്നിധാനം വരെ 27- ഓളം 4 ജി സൈറ്റുകളും അതിവേഗ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുമാണ് അയ്യപ്പഭക്തർക്കായി ഇത്തവണ ബി എസ് എൻ എൽ സജ്ജീകരിച്ചിരിക്കുന്നത്. തിരക്കേറുന്നതോടെ ആശയവിനിമയ സംവിധാനങ്ങൾക്ക് ഉണ്ടാകുന്ന സമ്മർദം കുറയ്ക്കാൻ ഈ നടപടിയിലൂടെ സാധിക്കും. വേഗതയുള്ള ഇന്റർനെറ്റ് സേവനം മകര വിളക്ക് സമയങ്ങളിൽ നിർണായകമാണ്. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായാണ് ഇതിനെ കാണുന്നത്.






