
മുംബൈ: വരുമാന സാധ്യത, നിക്ഷേപ സൗഹൃദ നയങ്ങള്‍, മിതമായ മൂല്യനിര്‍ണ്ണയം എന്നിവയുടെ പശ്ചാത്തലത്തില്‍ ബ്രോക്കറേജുകള്‍ ഇന്ത്യന്‍ ഓഹരിയില്‍ ബുള്ളിഷായി. മോട്ടിലാല്‍ ഓസ്വാള്‍ സെക്യൂരിറ്റീസ്, എംകെ റിസര്‍ച്ച്, പ്രഭുദാസ് ലില്ലാദര്‍, എച്ച്എസ്ബിസി, കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ്, ജെഫറീസ്, ആന്റിക് ബ്രോക്കിംഗ് തുടങ്ങിയ സ്ഥാപനങ്ങളാണ് കുറിപ്പുകള്‍ പങ്കുവച്ചത്.
സാമ്പത്തിക പരിഷ്‌ക്കാരങ്ങളും നയ പിന്തുണയും വരുമാനമുയര്‍ത്തുമെന്ന് മോട്ടിലാല്‍ ഓസ്വാള്‍ പ്രവചിക്കുന്നു. 2026 സാമ്പത്തികവര്‍ഷത്തില്‍ നിഫ്റ്റിയില്‍ 10 ശതമാനം ലാഭ വളര്‍ച്ച പ്രതീക്ഷിക്കുന്നു. 2025-27 സാമ്പത്തികവര്‍ഷത്തില്‍ ഇത് 13 സിഎജിആറില്‍ വര്‍ദ്ധിക്കും. ജിഎസ്ടി നിരക്ക് കുറയ്ക്കല്‍ ഡിമാന്റ് പുനരുജ്ജീവിപ്പിക്കുമെന്നും മാര്‍ജിന്‍ വികസിപ്പിക്കുമെന്നും ബ്രോക്കറേജ് പറഞ്ഞു.
ഉയര്‍ന്ന ക്ഷേമ ചെലവുകള്‍, ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ആദായനികുതി ഇളവുകള്‍, പണനയ ലഘൂകരണം, ജിഎസ്ടി 2.0 എന്നിവയുള്‍പ്പെടെ വളര്‍ച്ചയ്ക്ക് കാരണമാകുന്ന ഒന്നിലധികം ഘടകങ്ങളിലേക്ക് എംകെ റിസര്‍ച്ച് വിരല്‍ ചൂണ്ടി. ‘ഉയര്‍ന്ന മൂല്യനിര്‍ണ്ണയങ്ങള്‍ ഞങ്ങളെ വിഷമിപ്പിക്കുന്നില്ല,’ ശക്തമായ ചാക്രിക സാധ്യതകളെ ഉദ്ധരിച്ച് ബ്രോക്കറേജ് പറഞ്ഞു. കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് നിഫ്റ്റി-50 യ്ക്ക് 18 ശതമാനവും അതിന്റെ പോര്‍ട്ട്‌ഫോളിയോയ്ക്ക് 17 ശതമാനവും ലാഭ വളര്‍ച്ച പ്രതീക്ഷിക്കുന്നു. നിരവധി പാദങ്ങളിലെ തണുപ്പന്‍ പ്രകടനത്തിന് ശേഷം വരുമാനം സ്ഥിരത കൈവരിക്കും.
അതേസമയം ഭൗമ വ്യാപാര, രാഷ്ട്രീയ അന്തരീക്ഷം അനിശ്ചിതത്വമുയര്‍ത്തുന്നുണ്ട്. ഇന്ത്യയുടെ മാക്രോഇക്കണോമിക് കുതിപ്പ്, മിഡക്യാപ്, സ്‌മോള്‍ക്യാപ് സ്റ്റോക്കുകളിലെ അവസരങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള ലാര്‍ജ് ക്യാപ്പ് എന്നിവ പ്രഭുദാസ് ലില്ലധര്‍ എടുത്തുകാട്ടി.
വിദേശനിക്ഷേപകരുടെ വില്‍പന അവസാനിക്കാന്‍ പോകുകയാണെന്ന് ആന്റിക് ബ്രോക്കിംഗ് വിശ്വസിക്കുന്നു. വിപണി വലുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശ നിക്ഷേപത്തിന്റെ അളവ് നിസ്സാരമായിരിക്കുന്നു. ഇതൊരു വഴിത്തിരിവാണ്. മാത്രമല്ല, സമ്പദ് വ്യവസ്ഥ ശക്തമായതിനാല്‍ അവര്‍ തിരിച്ചുവരാനുള്ള സാധ്യത കൂടുതലാണ്.
വിദേശ നിക്ഷേപകര്‍ ഇതിനകം വലിയ ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന റിയല്‍ എസ്റ്റേറ്റ്, ടെലികോം, സാമ്പത്തിക സേവനങ്ങള്‍, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകള്‍ക്ക് ആദ്യം നേട്ടമുണ്ടാകും. അതേസമയം, യുഎസ് താരിഫ് പോലുള്ള ആഗോള വ്യാപാര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെട്ടാല്‍ മൂലധന വസ്തുക്കള്‍, വൈദ്യുതി യൂട്ടിലിറ്റികള്‍ തുടങ്ങിയ മേഖലകള്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്.
ആഗോള ധനകാര്യ സേവന സ്ഥാപനമായ എച്ച്എസ്ബിസി ഇന്ത്യന്‍ ഓഹരികളുടെ നിക്ഷേപ റേറ്റിംഗ് ‘ഓവര്‍വെയ്റ്റ്’ ആക്കി ഉയര്‍ത്തി. നേരത്തെ ‘ന്യൂട്രല്‍’ റേറ്റിംഗായിരുന്നു ഇവരുടേത്. ഇന്ത്യന്‍ ഓഹരി വിപണിയിലെ എക്സ്പോഷര്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ ശുപാര്‍ശയെ ഇത് സൂചിപ്പിക്കുന്നു. 2025 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച എച്ച്എസ്ബിസിയുടെ ഏറ്റവും പുതിയ ‘ഏഷ്യ ഇക്വിറ്റി ഇന്‍സൈറ്റ്സ് ക്വാര്‍ട്ടര്‍ലി’ റിപ്പോര്‍ട്ടിലാണ് ഈ മാറ്റം.
2026 അവസാനത്തോടെ ബിഎസ്ഇ സെന്‍സെക്സ് 94,000 മറികടക്കുമെന്നും സാമ്പത്തിക സ്ഥാപനം പ്രവചിച്ചു നിലവിലെ 83,000 ലെവലില്‍ നിന്നും 13 ശതമാനം വളര്‍ച്ചയാണിത്. ആഭ്യന്തര നിക്ഷേപകര്‍ തുടര്‍ച്ചയായി ഓഹരി നിക്ഷേപം നടത്തുന്നതും സര്‍ക്കാറിന്റെ മൂലധന ചെലവുകളും സാമ്പത്തിക പരിഷ്‌ക്കാരങ്ങളുമാണ് വിപണിയെ ഉയര്‍ത്തുക.
ഈ നയങ്ങള്‍ ദീര്‍ഘകാല വളര്‍ച്ച ഉറപ്പുവരുത്തുന്നവയാണ്. സമീപകാല തിരുത്തലിന് ശേഷം ഓഹരികളുടെ വാല്വേഷന്‍ ഇപ്പോള്‍ ന്യായമാണെന്നും സാമ്പത്തികസ്ഥാപനം പറഞ്ഞു. അതേസമയം ചൈനയൊഴികെയുള്ള മറ്റ് ഏഷ്യന്‍ ഓഹരി വിപണികള്‍ ദുര്‍ബലമാണ്. ദക്ഷിണ കൊറിയന്‍ ഇക്വിറ്റിയെ അണ്ടര്‍വെയ്റ്റാക്കി ഡൗണ്‍ഗ്രേഡ് ചെയ്ത അവര്‍ ആസിയാന്‍ രാജ്യങ്ങളില്‍ അസ്ഥിരത ചൂണ്ടിക്കാട്ടി. ചൈനയ്ക്കും ഹോങ്കോങ്ങിനും ഓവര്‍വെയ്റ്റ് റേറ്റിംഗാണ് എച്ച്എസ്ബിസി നല്‍കുന്നത്.