
തിരുവനന്തപുരം: കേരളത്തിന്റെ സുപ്രധാന ഗതാഗത സംവിധാനമായ ഓട്ടോറിക്ഷകളെ സംരക്ഷിക്കുന്നതിനും ഓട്ടോറിക്ഷ തൊഴിലാളികളുടെ ക്ഷേമത്തിനും ബജറ്റിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. പരിസ്ഥിതി സൗഹാർദമായ ഇന്ധനങ്ങളിൽ ഓടുന്ന ഓട്ടോറിക്ഷയിലേക്കുള്ള മാറ്റത്തിനാണ് പ്രധാനമായും സർക്കാർ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
പെട്രോൾ-ഡീസൽ ഓട്ടോറിക്ഷകൾ പൊളിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നവർക്ക് 40000 രൂപയുടെ ഒറ്റത്തവണ സ്‌ക്രാപ്പേജ് ബോണസ് നൽകുമെന്നാണ് പ്രധാനമായും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി പൊതുമേഖല ബാങ്കുകളിൽ നിന്ന് എടുത്തിട്ടുള്ള വായ്പകൾക്ക് രണ്ട് ശതമാനം പലിശ ഇളവ് നൽകുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന മറ്റൊരു പദ്ധതി.
കേരളത്തിലുടനീളമുള്ള 5000-ത്തിൽ അധികമുള്ള അനൗപചാരിക ഓട്ടോ സ്റ്റാന്റുകളെയെല്ലാം സ്മാർട്ട് മൈക്രോ ഹബ്ബുകളാക്കി മാറ്റുകയാണ് സർക്കാരിന്റെ മറ്റൊരു പദ്ധതി. ഇതിനുസരിച്ച് ഓരോ സ്ഥലങ്ങളിലും തൊഴിലാളി സൗഹൃദ സ്മാർട്ട് ഓട്ടോ സ്റ്റാന്റുകൾ സ്ഥാപിക്കും. സോളാർ അധിഷ്ഠിത ഇലക്ട്രിക് വാഹന ചർജിങ് സംവിധാനം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കും.
ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ഒറ്റത്തവണ സ്‌ക്രാപേജ് ബോണസായി 40000 രൂപ വീതം നൽകുന്നതിനും വായ്പയിൽ വരുത്തുന്ന രണ്ട് ശതമാനം പലിശ ഇളവിനുമായി 20 കോടി രൂപയാണ് ധനമന്ത്രി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. അതുപോലെ തന്നെ ഇലക്ട്രിക് ചാർജിങ് സൗകര്യം ഉൾപ്പെടെയുള്ള സ്മാർട്ട് മൈക്രോ ഹബ്ബുകൾക്കായും 20 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.






