
ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് വിപണിയിലെ മുന്‍നിരക്കാരായ ബോട്ട് (Imagine Marketing Ltd) വീണ്ടും ലാഭത്തില്‍. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കമ്പനി വീണ്ടും ലാഭപാതയില്‍ തിരിച്ചെത്തിയത്. ഈ വര്‍ഷം പ്രാഥമിക ഓഹരി വില്പനയ്ക്ക് തയാറെടുക്കുന്ന കമ്പനിക്ക് ആത്മവിശ്വാസം പകരുന്നതാണ് പുതിയ കണക്കുകള്‍.
2025 സാമ്പത്തികവര്‍ഷം 60 കോടി രൂപയാണ് കമ്പനിയുടെ ലാഭം. 2023 സാമ്പത്തികവര്‍ഷം 129.5 കോടി രൂപയായിരുന്നു നഷ്ടം. കഴിഞ്ഞ വര്‍ഷമിത് 79.7 കോടി രൂപയായി കുറഞ്ഞു. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആകെ വരുമാനം 3,097.8 കോടി രൂപയാണ്.
വരുമാനത്തിലും ലാഭത്തിലും കൂടുതല്‍ ഉണര്‍വുണ്ടാക്കാന്‍ സാധിച്ചത് ഭാവി പദ്ധതികള്‍ക്ക് നേട്ടമാകും. ചെലവ് ചുരുക്കുന്നതിലും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ താല്പര്യമുള്ള മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും കമ്പനി വിജയിച്ചതായി സിഇഒ ഗൗരവ് നയ്യാര്‍ വ്യക്തമാക്കി. തങ്ങളുടെ 70 ശതമാനത്തിലധികം ഉത്പന്നങ്ങളും തദ്ദേശീയമായിട്ടാണ് നിര്‍മിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
2015ല്‍ അമന്‍ ഗുപ്തയും സമീര്‍ മെഹ്തയും ചേര്‍ന്ന് തുടക്കമിട്ടതാണ് ബോട്ട്. ഇതുവരെ നിക്ഷേപമായി 171 മില്യണ്‍ ഡോളര്‍ നേടാന്‍ ബോട്ടിന് സാധിച്ചിരുന്നു. ഗുരുഗ്രാം ആസ്ഥാനമായ കമ്പനി 2022ല്‍ ലിസ്റ്റ് ചെയ്യുന്നതായി ഡിആര്‍എച്ച്പി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഓഹരി വിപണിയിലെ മോശം സാഹചര്യം കണക്കിലെടുത്ത് ഐപിഒയില്‍ നിന്ന് പിന്മാറുകയായിരുന്നു.
ഇത്തവണ ഐപിഒ വഴി 900 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 1,100 കോടി രൂപയുടെ ഓഹരികളും വിറ്റഴിക്കാനാണ് പദ്ധതി. ഐസിഐസിഐ സെക്യൂരിറ്റീസ്, ഗോള്‍ഡ്മാന്‍ സാച്സ്, നൊമുറ എന്നിവരാണ് ഐപിഒ മാനേജര്‍മാര്‍.