
സോൾ: ദക്ഷിണ കൊറിയൻ സർക്കാരിനും കമ്പനികൾക്കും 260,000-ത്തിലധികം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചിപ്പുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ പ്രഖ്യാപിച്ച് അമേരിക്കൻ ചിപ്പ് കമ്പനിയായ എൻവിഡിയ. ദക്ഷിണ കൊറിയൻ സർക്കാരിനും സാംസങ് ഇലക്ട്രോണിക്സ്, എസ്‌കെ ഗ്രൂപ്പ്, ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് തുടങ്ങിയ രാജ്യത്തെ പ്രമുഖ കമ്പനികൾക്കും വിതരണം ചെയ്യുമെന്ന് എൻവിഡിയ അറിയിച്ചു.
ലോകമെമ്പാടുമുള്ള ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംയോജിപ്പിക്കുന്നതിനുള്ള കമ്പനിയുടെ നയത്തിന്റെ ഭാഗമായാണ് ചിപ്പ് വിതരണം. ഈ ആഴ്ച എൻവിഡിയ അഞ്ച് ട്രില്യൺ ഡോളർ മൂല്യമുള്ള ലോകത്തിലെ ആദ്യത്തെ കമ്പനിയായി മാറിയിരുന്നു.
ഏഷ്യയിലെ ഒരു എഐ ഹബ്ബായി ദക്ഷിണ കൊറിയയെ വികസിപ്പിക്കാൻ കരാർ സഹായിക്കുമെന്നാണ് നിഗമനം. ജൂണിൽ പ്രസിഡന്‍റായി അധികാരമേറ്റ ലീ ജെയ്-മ്യുങ്, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് എഐ നിക്ഷേപത്തിന് മുൻഗണന നൽകുമെന്ന് പറഞ്ഞിരുന്നു.
ഏഷ്യാ പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിക്കിടെ പ്രസിഡന്റ് ലീ ജെയ്-മ്യുങ്, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്, കൊറിയയിലെ പ്രമുഖ കമ്പനികളായ സാംസങ്, എസ്‌കെ, ഹ്യുണ്ടായ് എന്നിവയുടെ തലവന്മാർ പങ്കെടുത്ത യോഗത്തിന് ശേഷമാണ് പുതിയ പ്രഖ്യാപനം.
യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെ ആഘാതത്തിൽ കമ്പനി പിടിമുറുക്കുന്ന സമയത്താണ് എൻവിഡിയയും കൊറിയയുമായുള്ള സഹകരണമെന്നതും ശ്രദ്ധേയം. ചൈനയിൽ നൂതന എഐ ചിപ്പുകൾക്കുള്ള എൻവിഡിയയുടെ വിപണി വിഹിതത്തിൽ ഇടിവുണ്ടാക്കിയതായി ഹുവാങ് അടുത്തിടെ വെളിപ്പെടുത്തി.
ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി യുഎസ് സർക്കാർ ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.






